കെജ്‌രിവാളിന്‍റെ വസതിയിൽ ഇഡി; പുറത്ത് വൻ പൊലീസ് സന്നാഹം

ED Raid Aravind

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ വസതിയിൽ എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് ഉദ്യോഗസ്ഥരെത്തി. മദ്യനയ അഴിമതിക്കേസിൽ ചോദ്യം ചെയ്യാനായാണ് ഇഡിയുടെ നീക്കം. കെജ്‌രിവാളിന്‍റെ അറസ്റ്റിനുള്ള സാധ്യതയും വിരളമല്ല. വസതിക്കു പുറത്ത് വൻപൊലീസ് സന്നാഹവും നിലയുറപ്പിച്ചിട്ടുണ്ട്. നിലവിൽ 12 പേരടങ്ങുന്ന ഇഡി സംഘമാണ് വസതിയിൽ പരിശോധനാ വാറന്‍റുമായി എത്തിയിരിക്കുന്നത്. മദ്യനയ അഴിമതി കേസിൽ ഇഡിയുടെ നടപടി നിർത്തി വയ്ക്കണമെന്നാവശ്യപ്പെട്ട് കെജ്‌രിവാൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കേസിൽ ഇഡി നടപടികളിൽ നിന്ന് കെജ്‌രിവാളിന് സംരക്ഷണം നൽകാൻ കോടതി തയാറായിരുന്നില്ല. ഇതിനു പിന്നാലെയാണ് ഇഡിയുടെ പരിശോധന.


‌കേസ് ഏപ്രിൽ 22ന് വീണ്ടും വാദം കേൾക്കും. ഇഡി നടപടികളിൽ നിന്ന് കോടതി സംരക്ഷണം നൽകുകയാണെങ്കിൽ ഇഡിക്കു മുന്നിൽ ഹാജരാകാൻ തയാറാണെന്നാണ് അരവിന്ദ് കെജ്‌രിവാൾ കോടതിയിൽ അറിയിച്ചിരുന്നത്.

മദ്യനയ അഴിമതിക്കേസിൽ കെജ്‌രിവാളിനെതിരേ 9 തവണ ഇഡി സമൻസ് പുറപ്പെടുവിച്ചിരുന്നെങ്കിലും കെജ്‌രിവാൾ ഹാജരായിരുന്നില്ല. മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ആം ആദ്മി പാർട്ടി നേതാക്കളായ മനീഷ് സിസോദിയ , സഞ്ജയ് സിങ് എന്നിവർ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

Share this story