അനിൽ അംബാനിയുടെ മുംബൈയിലെ 3716 കോടിയുടെ വസതിയടക്കം ഇ ഡി കണ്ടുകെട്ടി
അനിൽ അംബാനിയുടെ മുംബൈയിലെ വസതി കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്. റിലയൻസ് കമ്യൂണിക്കേഷൻസ് ഉൾപ്പെടെയുള്ള കമ്പനികളിൽ നടന്നതായി ആരോപിക്കുന്ന ബാങ്ക് തട്ടിപ്പ് കേസിലാണ് നടപടി. അന്വേഷണം പൂർത്തിയാകുന്നതുവരെ താത്കാലിക നടപടിയാണ് ഇഡി സ്വീകരിച്ചിട്ടുള്ളത്.
മുംബൈയിലെ പാലി ഹിൽ പരിസരത്തെ 'അബോഡ്' എന്ന വീടുൾപ്പെടെയാണ് ഇഡി താത്കാലികമായി കണ്ടുകെട്ടിയിരിക്കുന്നത്. 66 മീറ്റർ ഉയരവും 17 നിലകളുമുള്ളതാണ് ഈ കെട്ടിടം. 3,716 കോടി രൂപയാണ് ഈ കെട്ടിടത്തിന്റെ വിലയായി കണക്കാക്കിയിരിക്കുന്നത്. അനിൽ അംബാനിക്കും അദ്ദേഹത്തിന്റെ ഗ്രൂപ്പ് കമ്പനികൾക്കുമെതിരെ ഇതുവരെ 15,000 കോടി രൂപയിലധികം മൂല്യമുള്ള സ്വത്തുക്കൾ കണ്ടുകെട്ടിയിട്ടുണ്ട്.
പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാൻ സുപ്രീം കോടതി നിർദേശിച്ചതിനെ തുടർന്നാണ് നടപടി. ഇഡിയും സിബിഐയും അന്വേഷണം നടത്തുന്നതിൽ മെല്ലെപ്പോക്ക് നയം സ്വീകരിക്കുകയാണെന്ന് സൂപ്രീം കോടതി നിരീക്ഷിച്ചു. കേസിന്റെ പുരോഗതി സംബന്ധിച്ച വിവരങ്ങൾ കാലാനുസൃതമായി കോടതിയെ അറിയിക്കണമെന്നും കോടതി സിബിഐക്കും ഇഡിക്കും നിർദേശം നൽകി. ഈ കേസിൽ കൂടുതൽ ശക്തമായ, സുതാര്യമായ അന്വേഷണം വേണമെന്ന് കോടതി വ്യക്തമാക്കി.
