'ജയ് ശ്രീറാം' വിളികളോടെ മഹുവ മൊയ്ത്രക്ക് നേരെ മുട്ടയേറ്; പിന്നിൽ ബിജെപിയെന്ന് ആരോപണം
കോൽക്കത്ത: തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രക്കെതിരേ മുട്ടയേറും കൈയേറ്റ ശ്രമവും. പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ തെഹട്ട മേഖല സന്ദർശിക്കുന്നതിനിടെയാണ് വിഷയത്തിനാസ്പദമായ സംഭവം നടന്നത്. ആക്രമണത്തിനു പിന്നിൽ ബിജെപിയാണെന്ന് എംപി ആരോപിച്ചു. മുട്ടയേറുണ്ടായതിനു പിന്നാലെ സംഭവസ്ഥലത്ത് സംഘർഷാവസ്ഥയുണ്ടാകുകയും ഇതേത്തുടർന്ന് പൊലീസ് ഇടപെടുകയുമായിരുന്നു.
പാർട്ടി യോഗത്തിൽ പങ്കെടുക്കാൻ വേണ്ടിയാണ് മഹുവ തെഹട്ട മേഖലയിലേക്ക് പോയത്. ഇക്കാര‍്യം എംപി പൊലീസിനെ മുൻകൂട്ടി അറിയിച്ചിരുന്നു. ബിജെപി പ്രവർത്തകർ ഉടനെ സ്ഥലത്തെത്തി തന്‍റെ നേരെ മുട്ടയെറിയുകയായിരുന്നുവെന്നാണ് മഹുവ പറയുന്നത്. തനിക്കു നേരെ മുട്ടയെറിയുന്നതിനിടെ പ്രതിഷേധക്കാർ ജയ് ശ്രീറാം മുദ്രാവാക‍്യം മുഴക്കിയെന്നും മഹുവ ആരോപിച്ചു.
Big shout out to Hon’ble Justice Dipankar Datta ! MiLord - I came to my constituency for a mtng informing @WBPolice & BJP workers with their help pelted eggs on me. True to your advice I faced them as a freedom fighter faced bullets. pic.twitter.com/CxO3ApzjPL
— Mahua Moitra (@MahuaMoitra) September 16, 2026
അടുത്തിടെ പാർട്ടി യോഗം കഴിഞ്ഞ് മടങ്ങുന്നതിനിടെ എംപിക്കെതിരേ കരിങ്കൊടി പ്രതിഷേധവുമായി ബിജെപി പ്രവർത്തകർ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും ആക്രമണമുണ്ടായിരിക്കുന്നത്. മഹുവ എക്സിൽ പങ്കുവച്ച വിഡിയോയിൽ ജസ്റ്റിസ് ദീപാങ്കർ ദത്തയ്ക്കെതിരേ രൂക്ഷ വിമർശനമാണ് നടത്തിയത്. വെടിയുണ്ടകളെ നേരിടുന്നത് പോലെ തന്നെ മുട്ടയേറിനെയും താൻ നേരിട്ടെന്നായിരുന്നു മഹുവ പറഞ്ഞത്.
മഹുവയ്ക്കെതിരായ വിദ്വേഷ പ്രസംഗ കേസ് സുപ്രീം കോടതി പരിഗണിച്ചപ്പോൾ മുട്ടയേറ് ഭയന്ന് പൊലീസ് സ്റ്റേഷനിൽ പോലും പോകാൻ പറ്റാത്ത സാഹചര‍്യമാണെന്ന് എംപി പറഞ്ഞപ്പോൾ മഹുവയ്ക്ക് മുട്ടയെ ഭയമാണോയെന്നായിരുന്നു ജസ്റ്റിസ് ദീപാങ്കർ ദത്ത ചോദിച്ചിരുന്നത്. ഇതിനെതിരേയാണ് മഹുവ എക്സ് പോസ്റ്റിലൂടെ രൂക്ഷ വിമർശനം നടത്തിയത്.
