ഹിന്ദുസ്ഥാൻ പെട്രോളിയം പൈപ്പ്‌ലൈനിൽ നിന്നും ക്രൂഡ് ഓയിൽ മോഷണം: എട്ട് പേർ പിടിയിൽ
ജയ്പൂർ: ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷന്റെ (എച്ച്പിസിഎൽ) എണ്ണക്കുഴലിൽ നിന്ന് 20 ടൺ ക്രൂഡ് ഓയിൽ മോഷ്ടിച്ച കേസിൽ എട്ടുപേർ അറസ്റ്റിൽ. രാജസ്ഥാൻ സ്വദേശികളായ ഘനശ്യാം നോനി (54), ജയരാജസിൻഹ ചുദാസാമ (34), ഗുജറാത്തിൽ നിന്നുള്ള മുകേഷ് മമേഷ് വാൾ (44), രഞ്ജിത് ചൗരസ്യ (48), രമേഷ് താക്കൂർ (41), സുരേജി താക്കൂർ (32),മഹേഷ് താക്കൂർ (32), ഉത്തർപ്രദേശിൽനിന്നുള്ള ദിലീപ് യാദവ് (35) എന്നിവരാണ് അറസ്റ്റിലായത്.
രാജസ്ഥാനിലെ ബലോത്ര ജില്ലയിലൂടെ കടന്നുപോകുന്ന എണ്ണക്കുഴലിൽ വാൽവ് ഘടിപ്പിച്ചാണ് സംഘം ക്രൂഡ് ഓയിൽ മോഷ്ടിച്ചത്. ബലോത്രയിലെ കലുഡി ഗ്രാമത്തിലെ വിജനമായ ഭൂമിയിൽ നാലടി താഴ്ചയിൽ കുഴിയെടുത്ത് വാൽവ് ഘടിപ്പിച്ച ശേഷം രണ്ടുലോറികളിലേയ്ക്ക് എണ്ണ പമ്പ് ചെയ്യുകയായിരുന്നു.
അഹമ്മദാബാദ്-രാജ്കോട്ട് ദേശീയപാതയിൽ ചിലർ ക്രൂഡ് ഓയിൽ വിൽപ്പന നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് ഗുജറാത്ത് ഭീകരവിരുദ്ധ സംഘവും രാജസ്ഥാൻ പൊലീസും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് കവർച്ചയെപ്പറ്റിയുള്ള സൂചന ലഭിച്ചത്. അന്വേഷണത്തിൽ പിടിയിലായ ആളെ ചോദ്യം ചെയ്തപ്പോൾ മറ്റു സംഘാംഗങ്ങളെക്കുറിച്ചും വിവരം ലഭിക്കുകയായിരുന്നു. തുടർന്നാണ് പ്രതികളെ അറസ്റ്റുചെയ്തത്.
