വോട്ടർപട്ടിക പരിഷ്‌കരണം: വി.ഐ.പി വോട്ടർമാർക്കും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്
ന്യൂഡൽഹി: വിദേശകാര്യമന്ത്രി എസ്.ജയശങ്കർ, തെരഞ്ഞെടുപ്പ് കമ്മീഷണർ എസ്.എസ് സന്ധു, സിപിഎം നേതാവും രാജ്യസഭാ എംപിയുമായ ജോൺ ബ്രിട്ടാസിന്റെ കുടുംബം അടക്കം നിരവധി പ്രമുഖർക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. ഡൽഹിയിലെ എസ്‌ഐആർ നടപടികളുടെ ഭാഗമായാണ് നടപടി. കഴിഞ്ഞ ദിവസം ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്‌തയ്ക്കും ആംആദ്‌മി പാർട്ടി നേതാവ് അരവിന്ദ് കേജ്‌രിവാളിനും കുടുംബത്തിനും നോട്ടീസ് ലഭിച്ചിരുന്നു.
എസ്ഐആറിൽ വൻ തോതിൽ വോട്ടർമാരെ ഒഴിവാക്കാൻ അമിത് ഷാ നിർദേശിച്ചിട്ടുണ്ടെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് ആരോപിച്ചു. ദുർബലരായ പൗരന്മാരുടെ വോട്ടവകാശം നിഷേധിക്കാനുള്ള ഈ നീക്കം ഭരണഘടനയ്‌ക്കെതിരെയുള്ള കടന്നുകയറ്റമാണെന്നും ജയറാം രമേശ് കൂട്ടിച്ചേർത്തു.
അതേസമയം, വോട്ടർമാർക്ക് നോട്ടീസ് നൽകുന്നത് അവരെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കലല്ലെന്നും രേഖകളിലെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാണിക്കാനും തിരുത്താനുമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. രേഖാ ഗുപ്തയുടെയും എസ്.ജയശങ്കറിന്റെയും കാര്യത്തിൽ ഉയർന്ന പ്രശ്നം പരിഹരിക്കപ്പെട്ടിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
കഴിഞ്ഞ വോട്ടർ പട്ടികയിലെ വിവരങ്ങളുമായി നിലവിലെ വിവരങ്ങൾ ഒത്തുപോകാതിരിക്കുകയോ സമർപ്പിച്ച രേഖകളിൽ പൊരുത്തക്കേടുകൾ കാണപ്പെടുകയോ ചെയ്യുമ്പോൾ കൂടുതൽ രേഖകൾ ആവശ്യപ്പെട്ടാണ് ഇത്തരം നോട്ടീസുകൾ അയക്കുന്നത്. രേഖകൾ പരിശോധിച്ച് ഉറപ്പുവരുത്താനുള്ള അവസരമാണിതെന്നും അല്ലാതെ വോട്ടർ പട്ടികയിൽ നിന്ന് പുറത്താക്കാനുള്ള അന്തിമ തീരുമാനമല്ലെന്നും അധികൃതർ പറഞ്ഞു. ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്തയുടെ എന്യൂമറേഷൻ ഫോമിൽ വയസുമായി ബന്ധപ്പെട്ട പൊരുത്തക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് നോട്ടീസ് അയച്ചതെന്നും രേഖകൾ പരിശോധിച്ച ശേഷം അന്തിമ പട്ടികയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചതായും ഉദ്യോഗസ്ഥർ അറിയിച്ചു.
കഴിഞ്ഞ ഓഗസ്റ്റ് 31നാണ് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചത്. കരട് പട്ടികയിൽ ഉൾപ്പെട്ട ഏകദേശം 97 ലക്ഷം വോട്ടർമാരിൽ 33.13 ലക്ഷം പേരുടെ ഫോമുകളിലാണ് പൊരുത്തക്കേടുകൾ കണ്ടെത്തിയത്. ഇതിൽ 31.63 ലക്ഷം പേർക്ക് നോട്ടീസുകൾ അയച്ചുകഴിഞ്ഞു. നോട്ടീസുകളിന്മേലുള്ള നടപടികൾ ഒക്ടോബർ 29-ഓടെ പൂർത്തിയാക്കും. തുടർന്ന് അർഹരായ മുഴുവൻ വോട്ടർമാരെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള അന്തിമ വോട്ടർ പട്ടിക നവംബർ 4-ന് പ്രസിദ്ധീകരിക്കും. അർഹതയുള്ള ഒരു പൗരനും പട്ടികയിൽ നിന്ന് പുറത്താകില്ലെന്നും അർഹതയില്ലാത്ത ആരും ഉൾപ്പെടില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
