എസ്.ഐ.ആറിൽ പുറത്തായ യോഗ്യരായ വോട്ടർമാരെ ഉൾപ്പെടുത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ; 20 സംസ്ഥാനങ്ങളിൽ 'പ്രത്യേക ഡ്രൈവ്' പ്രഖ്യാപിച്ചു
ന്യൂഡൽഹി: വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പുനരവലോകനത്തിന്റെ (Special Intensive Revision - SIR) ഭാഗമായി പട്ടികയിൽ നിന്ന് പുറത്തുപോയ യോഗ്യരായ വോട്ടർമാരെ തിരികെ ഉൾപ്പെടുത്തുന്നതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ (ECI) പുതിയ 'പ്രത്യേക ഡ്രൈവ്' പ്രഖ്യാപിച്ചു. എസ്.ഐ.ആർ പ്രക്രിയ പൂർത്തിയായ കേരളമടക്കമുള്ള 20 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് കമ്മീഷൻ ഈ പ്രത്യേക പരിശോധന നടത്തുന്നത്.
വോട്ടർപട്ടിക പുതുക്കലിൽ വൻതോതിൽ ആളുകൾ ഒഴിവാക്കപ്പെട്ടെന്ന ആരോപണങ്ങളും രാഷ്ട്രീയ പാർട്ടികളുടെ പ്രതിഷേധങ്ങളും ഉയർന്ന സാഹചര്യത്തിലാണ് കമ്മീഷന്റെ നിർണായക നടപടി.
വീടുകളിലെത്തി രേഖകൾ ശേഖരിക്കും: ഒഴിവാക്കപ്പെട്ട വോട്ടർമാർ ഹിയറിംഗിനായി ഓഫീസുകളിൽ നേരിട്ട് എത്തേണ്ടതില്ല. ബൂത്ത് ലെവൽ ഓഫീസർമാർ (BLO) നേരിട്ട് വീടുകളിലെത്തി രേഖകൾ ശേഖരിക്കുകയും അപേക്ഷകൾ അപ്‌ലോഡ് ചെയ്യുകയും ചെയ്യും.
വോട്ടർപട്ടികകൾ ഒത്തുനോക്കും: എസ്.ഐ.ആറിന് മുൻപും ശേഷവുമുള്ള വോട്ടർപട്ടികകൾ പരസ്പരം തരംതിരിച്ച് താരതമ്യം ചെയ്ത് ഒഴിവാക്കപ്പെട്ടവരുടെ വിവരങ്ങൾ തയാറാക്കാൻ ചീഫ് ഇലക്ടറൽ ഓഫീസർമാർക്ക് (CEO) കമ്മീഷൻ നിർദ്ദേശം നൽകി.
വിവാദ ചോദ്യം ഒഴിവാക്കി: ഫോം 6-ൽ അടുത്തിടെ തിരുകിക്കയറ്റിയ വിവാദ ചോദ്യം (മുൻ പട്ടികയിൽ അപേക്ഷകന്റെയോ മാതാപിതാക്കളുടെയോ പേരുണ്ടോയെന്ന നിബന്ധന) കമ്മീഷൻ പിൻവലിച്ചു.
രാഷ്ട്രീയ പാർട്ടികളുടെ സഹായം: ബൂത്ത് ലെവൽ ഏജന്റുമാരുടെ (BLA) സഹകരണത്തോടെ അർഹരായ എല്ലാ വോട്ടർമാരെയും വോട്ടർപട്ടികയിൽ ഉറപ്പുവരുത്താൻ നടപടിയുണ്ടാകും.
