ഇലക്ഷൻ കമ്മിഷണറുടെ രാജി: ദുരൂഹത തുടരുന്നു

Goyal

ലോക്സഭാ തെരഞ്ഞെടുപ്പു വിജ്ഞാപനം പുറപ്പെടുവിക്കാനുള്ള ഒരുക്കങ്ങൾക്കിടെ ഇലക്ഷൻ കമ്മിഷണർ അരുൺ ഗോയൽ രാജി വച്ചതുമായി ബന്ധപ്പെട്ട ദുരൂഹത നീങ്ങുന്നില്ല. നേരത്തെ, ഇതേ അരുൺ ഗോയലിന്‍റെ നിയമനം വിവാദമായതോടെയാണ് തെരഞ്ഞെടുപ്പ് കമ്മിഷണർമാരെ നിയമിക്കുന്ന രീതിയിൽ തന്നെ മാറ്റം വന്നത്.

കേന്ദ്ര സർവീസിൽ നിന്നു വിആർഎസ് എടുത്ത അരുൺ ഗോയലിനെ തൊട്ടടുത്ത ദിവസം തെരഞ്ഞെടുപ്പു കമ്മിഷണറാക്കിയത് നിയമ യുദ്ധത്തിനിടയാക്കിയിരുന്നു. തുടർന്ന് ചീഫ് ജസ്റ്റിസും പ്രധാനമന്ത്രിയും ലോക്സഭയിലെ പ്രധാന പ്രതിപക്ഷ കക്ഷിയുടെ നേതാവും ഉൾപ്പെട്ട സെലക്‌ഷൻ കമ്മിറ്റി രൂപീകരിച്ച് സുപ്രീം കോടതി ഉത്തരവിട്ടു. എന്നാൽ, ചീഫ് ജസ്റ്റിസിനു പകരം പ്രധാനമന്ത്രി നിർദേശിക്കുന്ന മന്ത്രിയെ കമ്മിറ്റിയിൽ ഉൾപ്പെടുത്താൻ കേന്ദ്രം പുതിയ ബിൽ കൊണ്ടുവരുകയായിരുന്നു. 1989 വരെ ഒരു തെരഞ്ഞെടുപ്പു കമ്മിഷണർ മാത്രമാണുണ്ടായിരുന്നത്.

അതേസമയം, അരുൺ ഗോയൽ വ്യക്തിപരമായ പ്രശ്നങ്ങളാൽ രാജി സമർപ്പിച്ചുവെന്നതിൽ കൂടുതലായി മറ്റൊരു വിവരവും ഇതു വരെ പുറത്തു വന്നിട്ടില്ല. മുഖ്യ കമ്മിഷണർ രാജീവ് കുമാറുമായുള്ള പ്രശ്നങ്ങളാണ് രാജിക്കു കാരണമെന്ന് അഭ്യൂഹമുണ്ടെങ്കിലും ഇരുവരും തമ്മിലുള്ള ആശയവിനിമയം സംബന്ധിച്ച രേഖകളിലൊന്നും ഇതേക്കുറിച്ച് സൂചനയില്ല. കേന്ദ്ര സർക്കാരുമായി അടുപ്പമുള്ള ഉദ്യോഗസ്ഥനായിരുന്നു ഗോയൽ. അതിനാൽ സർക്കാരുമായി ഭിന്നതയെന്ന വാദം നിലനിൽക്കില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

അഞ്ച് വർഷത്തിനിടെ ഇതു രണ്ടാം തവണയാണ് തെരഞ്ഞെടുപ്പു കമ്മിഷനിൽ രാജി. 2020ൽ കമ്മിഷണറായിരുന്ന അശോക് ലവാസ രാജിവച്ചിരുന്നു. 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ മാതൃകാ പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികളോടു വിയോജിച്ചായിരുന്നു രാജി.

ഗോയലിന്‍റെ രാജിയിൽ സർക്കാരിനെതിരേ വിമർശനവുമായി പ്രതിപക്ഷവും രംഗത്തുണ്ട്. കൽക്കട്ട ഹൈക്കോടതി മുൻ ജഡ്ജി അഭിജിത് ഗംഗോപാധ്യായയെപ്പോലെ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാണോ ഗോയൽ രാജിവച്ചതെന്ന് കോൺഗ്രസ് നേതാവ് ജയ്റാം രമേശ് പരിഹസിച്ചു. സർക്കാരുമായി എന്തെങ്കിലും ഭിന്നതയുണ്ടോ എന്നു വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പു കമ്മിഷൻ ബിജെപിയുടെ ശാഖയായി മാറിയെന്നു ശിവസേനാ (ഉദ്ധവ് ബാലാസാഹിബ് താക്കറെ) നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.

Share this story