ഇലക്ടറൽ ബോണ്ട്: വിവരങ്ങൾ കൈമാറാൻ സാവകാശം തേടി എസ് ബി ഐ സുപ്രിം കോടതിയിൽ

ഇലക്ടറൽ ബോണ്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ തെരഞ്ഞെടുപ്പിന് മുമ്പ് പുറത്തു വരാതിരിക്കാൻ കിണഞ്ഞ് ശ്രമിച്ച് കേന്ദ്രം. വിവരങ്ങൾ കൈമാറാൻ സാവകാശം തേടി എസ്ബിഐ സുപ്രിം കോടതിയെ സമീപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനുമായി രാഷ്ട്രീയ പാർട്ടികൾ നടത്തിയ ഓരോ ഇലക്ടറൽ ബോണ്ട് ഇടപാടും സംബന്ധിച്ച് വിശദാംശങ്ങൾ മാർച്ച് ആറിന് മുമ്പ് സമർപ്പിക്കണമെന്നായിരുന്നു കോടതി ഉത്തരവ്

വിവരങ്ങൾ കൈമാറാൻ ജൂൺ 30 വരെ സമയം നീട്ടി നൽകണമെന്നാണ് എസ് ബി ഐയുടെ അപേക്ഷയിൽ പറയുന്നത്. സങ്കീർണമായ നടപടികളിലൂടെ മാത്രമേ വിവരങ്ങൾ ക്രോഡീകരിക്കാനാകൂവെന്നും എസ് ബി ഐ പറയുന്നു. പ്രതിപക്ഷം ഇതിനെതിരെ രംഗത്തുവന്നിട്ടുണ്ട്

തെരഞ്ഞെടുപ്പിന് മുമ്പ് വിവരങ്ങൾ പുറത്തുവരാതിരിക്കാനുള്ള അടവാണിതെന്ന് പ്രതിപക്ഷം ആരോപിച്ചു. സ്വതന്ത്ര സ്ഥാപനങ്ങളെ പോലും മോദാനി(മോദി-അദാനി) കുടുംബമാക്കി അഴിമതി മറയ്ക്കാൻ ശ്രമിക്കുകയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ഒരു മൗസ് ക്ലിക്കിൽ ലഭിക്കുന്ന വിവരങ്ങൾ എസ് ബി ഐ സമയം നീട്ടി ചോദിക്കുന്നത് സംശയാസ്പദമാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പറഞ്ഞു.
 

Share this story