ജാർഖണ്ഡിലെ ഹസാരിബാഗിൽ ഏറ്റുമുട്ടൽ; മൂന്ന് മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു

maoist

ജാർഖണ്ഡിലെ ഹസാരിബാഗ് ജില്ലയിൽ ഏറ്റുമുട്ടലിൽ മൂന്ന് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാ സേന. തലയ്ക്ക് ഒരു കോടി രൂപ വിലയിട്ട സഹദേവ് സോറൻ, രഘുനാഥ് ഹെംബ്രാം, ബിർസെൻ ഗഞ്ചു എന്നിവരാണ് കൊല്ലപ്പെട്ട മാവോയിസ്റ്റുകൾ. രഘുനാഥ് ഹെംബ്രാം, ബിർസെൻ ഗഞ്ചു എന്നിവരെ കണ്ടെത്തുന്നവർക്കും സർക്കാർ 25 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. 

ഗോർഹർ പോലീസ് സ്റ്റേഷൻ പരിധിയിലെ പൻതിത്രി വനമേഖലയിൽ രാവിലെ ആറ് മണിയോടെയാണ് മാവോയിസ്റ്റുകളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. 
സഹദേവ് സോറന്റെയും മറ്റ് രണ്ട് മാവോയിസ്റ്റുകളുടെയും മൃതദേഹങ്ങൾ തെരച്ചിലിനിടെ കണ്ടെടുത്തതായി അധികൃതർ അറിയിച്ചു. മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗമാണ് സഹദേവ് സോറൻ. 

ഇന്ത്യയുടെ കിഴക്കൻ മേഖലയിൽ മാവോയിസ്റ്റ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് ഇയാളാണെന്നും ജാർഖണ്ഡ് പോലീസ് പറഞ്ഞു. വനമേഖലയിൽ മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സുരക്ഷാസേന നടത്തിയ നീക്കത്തിലാണ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത്. വനമേഖലയിൽ തെരച്ചിൽ തുടരുകയാണെന്നും സുരക്ഷാ സേന അറിയിച്ചു.
 

Tags

Share this story