അഴുകിയ പഴങ്ങളിൽ നിന്നും എഥനോൾ നിർമ്മിക്കാം; ഗുണനിലവാരത്തെക്കുറിച്ചുള്ള വിമർശനങ്ങൾ തള്ളി നിതിൻ ഗഡ്കരി

എഥനോൾ

ന്യൂഡൽഹി: കൃഷിമാലിന്യങ്ങളിൽ നിന്നും അഴുകിയ പഴങ്ങളിൽ നിന്നും ഇന്ധനമായി ഉപയോഗിക്കാവുന്ന എഥനോൾ നിർമ്മിക്കാൻ സാധിക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പ്രസ്താവിച്ചു. രാജ്യത്തെ ഇന്ധന ഇറക്കുമതി ചെലവ് കുറയ്ക്കാനും കർഷകരുടെ വരുമാനം വർദ്ധിപ്പിക്കാനും ഈ നീക്കം സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​പെട്രോളിൽ എഥനോൾ കലർത്തുന്നതിലൂടെ വാഹനങ്ങളുടെ എഞ്ചിൻ കപ്പാസിറ്റിയെയും പെട്രോളിന്റെ ഗുണനിലവാരത്തെയും അത് ബാധിക്കുമെന്ന തരത്തിൽ ഉയരുന്ന വിമർശനങ്ങൾക്കിടെയാണ് മന്ത്രിയുടെ ഈ പരാമർശം.

​പെട്രോളിൽ 20 ശതമാനം എഥനോൾ കലർത്തുന്ന ഇന്ധനം (E20) വാഹനങ്ങൾക്ക് തകരാർ ഉണ്ടാക്കുന്നു എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വരുന്നത് വ്യാജ പ്രചാരണങ്ങളാണെന്ന് മന്ത്രി ഇതിനുമുമ്പ് വ്യക്തമാക്കിയിരുന്നു. തന്റെ ജീപ്പ് കേടായപ്പോൾ അതിന് കാരണം എഥനോൾ കലർത്തിയതാണെന്ന് പരാതിപ്പെട്ട ഒരാളുടെ അനുഭവം പങ്കുവെച്ചുകൊണ്ട് മന്ത്രി പറഞ്ഞു, "അദ്ദേഹത്തിന്റെ ജീപ്പ് ഡീസൽ വണ്ടിയായിരുന്നു, നമ്മൾ ഡീസലിൽ എഥനോൾ ചേർക്കാറേയില്ല. ഇങ്ങനെ എഥനോളിനെതിരെ ബോധപൂർവ്വം തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാൻ ശ്രമം നടക്കുന്നുണ്ട്".

​രാജ്യത്ത് 100 ശതമാനം എഥനോളിൽ ഓടുന്ന (E100) വാഹനങ്ങൾക്കുള്ള നിയമപരമായ അംഗീകാരങ്ങൾ നൽകിക്കഴിഞ്ഞതായും, പ്രമുഖ വാഹന നിർമ്മാതാക്കളെല്ലാം ഉടൻ തന്നെ എഥനോൾ ഇന്ധനമാക്കാവുന്ന ഫ്ലെക്സ്-ഫ്യുവൽ വാഹനങ്ങൾ വിപണിയിലെത്തിക്കുമെന്നും ഗഡ്കരി വ്യക്തമാക്കി. അതേസമയം, എഥനോൾ മിശ്രിതം മൈലേജ് കുറയ്ക്കുമെന്നും വാഹനങ്ങളുടെ എഞ്ചിൻ ഭാഗങ്ങൾക്ക് കേടുപാടുകൾ വരുത്തുമെന്നുമുള്ള ആശങ്കകൾ ഒരു വിഭാഗം വാഹന ഉടമകളും വിദഗ്ധരും ഇപ്പോഴും ഉയർത്തുന്നുണ്ട്. 

Share this story