പഞ്ചസാര വിലക്കയറ്റത്തിന് കാരണം എഥനോൾ ഉത്പാദനമല്ല; തെറ്റായ പ്രചാരണം തള്ളി കേന്ദ്ര സർക്കാർ
ന്യൂഡൽഹി: രാജ്യത്ത് പഞ്ചസാരയുടെ വില വർധിച്ചതിന് കാരണം എഥനോൾ നിർമ്മാണത്തിനായി കരിമ്പ് വഴിതിരിച്ചുവിട്ടതാണെന്ന വാദം തെറ്റാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. പഞ്ചസാരയുടെ ലഭ്യതക്കുറവിനും വിലക്കയറ്റത്തിനും കാരണം കേന്ദ്രത്തിന്റെ എഥനോൾ നയമാണെന്ന പ്രതിപക്ഷ ആരോപണങ്ങൾ തള്ളിക്കൊണ്ടാണ് ഭക്ഷ്യ-പൊതുവിതരണ മന്ത്രാലയത്തിന്റെ വിശദീകരണം.
എഥനോൾ ഉത്പാദനത്തിനായി ഉപയോഗിക്കുന്ന പഞ്ചസാരയുടെ വിഹിതം 2022-23 കാലയളവിലെ 12 ശതമാനത്തിൽ നിന്ന് 2025-26 ആയപ്പോഴേക്കും 9 ശതമാനമായി കുറഞ്ഞിട്ടുണ്ടെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. നിലവിൽ രാജ്യത്ത് ഉത്പാദിപ്പിക്കുന്ന എഥനോളിന്റെ നാലിൽ മുന്ന് ഭാഗവും (75%) ചോളം ഉൾപ്പെടെയുള്ള ധാന്യങ്ങളിൽ നിന്നാണ് നിർമ്മിക്കുന്നത്.
വില വർധനവിന് കാരണം കാലാവസ്ഥയും രോഗബാധയും
കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടായ കരിമ്പ് കൃഷിനാശവും വിളവെടുപ്പിലെ കുറവുമാണ് നിലവിലെ വില വർധനവിന് പ്രധാന കാരണം. കരിമ്പിനെ ബാധിച്ച ചുവപ്പുചീയൽ (Red Rot), ടോപ്പ് ബോറർ എന്നീ രോഗങ്ങളും അമിത മഴ മൂലമുണ്ടായ വെള്ളക്കെട്ടുമാണ് ഉത്പാദനം കുറയാൻ ഇടയാക്കിയത്. കൂടാതെ വരാനിരിക്കുന്ന ഉത്സവ സീസൺ പ്രമാണിച്ചുള്ള വർധിച്ച ആവശ്യകതയും അന്താരാഷ്ട്ര വിപണിയിലെ പഞ്ചസാരയുടെ വിലക്കയറ്റവും ആഭ്യന്തര വിപണിയെ ബാധിച്ചിട്ടുണ്ട്.
രാജ്യത്ത് ആവശ്യത്തിനുള്ള പഞ്ചസാര ശേഖരം ലഭ്യമാണെന്നും, വരും മാസങ്ങളിൽ വില നിയന്ത്രിക്കാനുള്ള നടപടികൾ ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു.
