പരീക്ഷ ക്രമക്കേട്; രാഹുൽ ഗാന്ധിയുടെയും ഹേമന്ത് സോറന്‍റെയും കോലം കത്തിക്കാനൊരുങ്ങി ഝാർഖണ്ഡിലെ വിദ‍്യാർഥികൾ
റാഞ്ചി: സംസ്ഥാനത്തെ നിയമന പരീക്ഷയിലെ ക്രമക്കേടുകൾ ആരോപിച്ച് വിദ‍്യാർഥികൾ നടത്തുന്ന സമരം 23ാം ദിവസത്തിലേക്ക് കടന്നു. ഝാർഖണ്ഡിലെ 24 ജില്ലകളിലും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെയും മുഖ‍്യമന്ത്രി ഹേമന്ത് സോറന്‍റെയും കോലം കത്തിച്ച് സമരം ശക്തമാക്കാനാണ് വിദ‍്യാർഥികളുടെ നീക്കം.
ഭരണകക്ഷിയായ ജെഎഎംഎം-കോൺഗ്രസ് സഖ‍്യം തങ്ങളുടെ ആവശ‍്യത്തിൽ നടപടി സ്വീകരിക്കുന്നതിൽ പരാജയപ്പെട്ടുവെന്നാണ് വിദ‍്യാർഥികൾ പറയുന്നത്. തങ്ങളുടെ പ്രശ്നങ്ങളിൽ ജെഎംഎമ്മും കോൺഗ്രസും രാഷ്ട്രീയം കളിക്കുകയാണെന്നും ഓഗസ്റ്റ് 20ന് ഹേമന്ത് സോറന്‍റെ രാജി ആവശ‍്യപ്പെട്ട് അദ്ദേഹത്തിന്‍റെ വസതി വളയുമെന്നും പ്രതിഷേധക്കാർ അറിയിച്ചു.
കഴിഞ്ഞ ദിവസം രാജ‍്യത്തിന്‍റെ 80ാം സ്വാതന്ത്ര‍്യദിനത്തിൽ ദേശീയ പതാകയും കൈയിലേന്തി ജയ്പാൽ മുണ്ട സ്റ്റേഡിയത്തിനു മുന്നിൽ ഭാരത് മാതാ കി ജയ്, വന്ദേമാതരം തുടങ്ങിയ മുദ്രാവാക‍്യങ്ങൾ ഉയർത്തി വിദ‍്യാർഥികൾ പ്രതിഷേധിച്ചിരുന്നു. മുഖ‍്യമന്ത്രി പറയുന്നത് കേൾക്കുന്നില്ലെങ്കിൽ രാഹുൽ ഗാന്ധി ജെഎംഎമ്മിന് നൽകുന്ന പിന്തുണ പിൻവലിക്കണമെന്നും സമരക്കാർ ആവശ‍്യപ്പെട്ടു. തങ്ങളുടെ ആവശ‍്യങ്ങൾ പരിഹരിക്കുന്നതുവരെ സമരം പിൻവലിക്കില്ലെന്ന നിലപാടിലാണ് വിദ‍്യാർഥികൾ.
ജെഎസ്‌എസ്‌സി-സിജിഎൽ പരീക്ഷകളിൽ ക്രമക്കേടുകൾ കണ്ടെത്തിയിട്ടും റദ്ദാക്കാൻ തയാറാകാത്തതിനാലാണ് ഹേമന്ത് സോറന്‍റെ രാജി ആവശ‍്യപ്പെട്ടതെന്നും അവർ പറഞ്ഞു. വിദ‍്യാർഥി നേതാവ് ദേവേന്ദ്ര മഹ്തോ കഴിഞ്ഞ 15 ദിവസമായി നിരാഹാര സമരത്തിലാണ്. ശനിയാഴ്ച പ്രതിഷേധത്തിൽ പങ്കെടുക്കാനായി സദാർ ആശുപത്രിയിൽ നിന്നും പുറപ്പെടുന്നതിൽ നിന്നും പൊലീസ് തടഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
