എക്സിറ്റ് പോൾ വ്യാജം; ജൂൺ നാലിന് ഹനുമാൻ സ്വാമി അവതരിക്കും: ജയിലിലേക്ക് മടങ്ങി അരവിന്ദ് കെജ്‌രിവാൾ

ന്യൂഡൽഹി: എക്സിറ്റ് പോൾ സമ്പൂർണ്ണ വ്യാജമാണെന്നും ജൂൺ നാലിന് ഹനുമാൻ സ്വാമി അവതരിക്കുമെന്നും അരവിന്ദ് കെജ്‌രിവാൾ. ഡൽഹി മദ്യ നയ കേസിൽ അറസ്റ്റിലായി ജാമ്യം നേടി പുറത്തിറങ്ങിയ അരവിന്ദ് കെജ്‌രിവാൾ തീഹാർ ജയിലിലേക്ക് മടങ്ങുന്നതിന് മുമ്പ് സ്വന്തം വസതിയിൽ നടത്തിയ യോഗത്തിലാണ് എക്സിറ്റ് പോൾ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയത്. 'ജാമ്യം ലഭിച്ച 21 ദിവസം അവിസ്മരണീയമായിരുന്നു. ഇടക്കാല ജാമ്യം അനുവദിച്ച സുപ്രീം കോടതിക്ക് നന്ദി.' കെജ്‌രിവാൾ പറഞ്ഞു. ഒരു നിമിഷം പോലും വെറുതെ ഇരുന്നില്ലെന്നും രാജ്യത്തെ രക്ഷിക്കാൻ എല്ലാ പ്രതിപക്ഷ പാർട്ടികൾക്ക് വേണ്ടിയും പ്രചാരണം നടത്തിയെന്നും കെജ്‌രിവാൾ പ്രതികരിച്ചു.

താൻ അഴിമതി നടത്തിയതിന്റെ പേരിലല്ല ജയിലിലായത് എന്നും ഏകാധിപത്യത്തിനെതിരെ സംസാരിച്ചതിനാണ് തന്റെ കേന്ദ്ര സർക്കാർ ഇഡിയെ ഉപയോഗിച്ച് അറസ്റ്റ് ചെയ്തതതെന്നും കെജ്‌രിവാൾ പറഞ്ഞു. എക്സിറ്റ് പോൾ വെറും മൈൻഡ് ഗെയിം ആണെന്നും വോട്ടെണ്ണലിലെ അട്ടിമറി സാധ്യതയാണ് ഇത് സൂചന നൽകുന്നതെന്നും അദ്ദേഹം കൂട്ടിചേർത്തു. വോട്ടെണ്ണലിന്റെ അവസാന നിമിഷം വരെ ബൂത്തിൽ തുടരണമെന്നും രണ്ട്, മൂന്ന് റൗണ്ടിൽ പിറകിലായാൽ പ്രവർത്തകർ ഇറങ്ങി പോവരുതെന്നും അദ്ദേഹം പ്രവർത്തകരോട് ആഹ്വാനം ചെയ്തു. വിവി പാറ്റും ഇവിഎമ്മും ഒത്ത് നോക്കിയ ശേഷം മാത്രമേ മടങ്ങാവൂ എന്നും അദ്ദേഹം കൂട്ടിചേർത്തു.

ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് മേയ് 10ന് സുപ്രീംകോടതി കെജ്രിവാളിന് 21 ദിവസം ജാമ്യം അനുവദിച്ചത്. ജയിലിലേക്ക് മടങ്ങുന്നതിന് മു​മ്പായി രാജ്ഘട്ടിലെ ഗാന്ധിസ്മാരകവും കൊണാട്ട് പ്ലേസിലെ ഹനുമാൻ ക്ഷേത്രവും കെജ്‌രിവാൾ സന്ദർശിച്ചു. ഭാര്യ സുനിത കെജ്‌രിവാൾ, ഡൽഹി മന്ത്രിമാരായ അതിഷി, കൈലാഷ് ഗഹ്‌ലോട്ട്, സൗരഭ് ഭരദ്വാജ്, രാജ്യസഭാ എംപിമാരായ സഞ്ജയ് സിംഗ്, സന്ദീപ് പഥക് എന്നിവരും നേതാക്കളായ ദുർഗേഷ് പതക്, രാഖി ബിർള, റീന ഗുപ്ത എന്നിവരും എഎപി അധ്യക്ഷനൊപ്പമുണ്ടായിരുന്നു.

Share this story