ഡൽഹിയിൽ എസ്.ഐ.ആറിന് മുൻപ് അസാധാരണ നടപടി; 11 ലക്ഷത്തോളം വോട്ടർമാരെ കൂട്ടത്തോടെ വെട്ടി
ന്യൂഡൽഹി: ഡൽഹിയിൽ എസ്ഐആർ പ്രക്രിയ ആരംഭിക്കുന്നതിന് മുൻപ് 11 ലക്ഷത്തോളം വോട്ടർമാരെ ഒഴിവാക്കി. എസ്ഐആർ നടപടികൾ ആരംഭിക്കുന്നതിന് പതിനാറ് മാസങ്ങൾക്ക് മുൻപാണ് ഇത്തരത്തിൽ വോട്ടർമാരെ ഒഴിവാക്കിയത്. വർഷങ്ങളായി താമസിക്കുന്നവരുടെ പേരുകളും വെട്ടിയ പട്ടികയിലുണ്ട്. വോട്ടര്‍പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്ത വിവരം അറിഞ്ഞില്ലെന്നാണ് വോട്ടര്‍മാര്‍ പറയുന്നത്.
മൂന്ന് മാസത്തിലൊരിക്കല്‍ നടക്കുന്ന വോട്ടര്‍പട്ടിക പുതുക്കലിന്റെ ഭാഗമായും മാപ്പിംഗ് വേളയില്‍ സംഭവിച്ച സാങ്കേതിക പിഴവുകള്‍ കാരണവുമാകാം ഇത്രയധികം പേരുകള്‍ നീക്കം ചെയ്യപ്പെട്ടതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം. വിട്ടുപോയവർക്ക് 'ഫോം 6' ഉപയോഗിച്ച് വീണ്ടും രജിസ്റ്റർ ചെയ്യാമെന്നും കമ്മീഷൻ പറഞ്ഞു. എസ്ഐആർ മാപ്പിംഗ് സമയത്ത് പേരുകൾ സ്വന്തം നിലയിൽ വെട്ടിമാറ്റാൻ അനുമതിയുണ്ടായിരുന്നില്ലെന്ന് ബിഎൽഒമാർ വ്യക്തമാക്കി. ഈ വര്‍ഷം ജൂണ്‍ മാസത്തിലായിരുന്നു ഡല്‍ഹിയില്‍ സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയായത്. വോട്ടര്‍പട്ടികയില്‍ നിന്ന് 48 ലക്ഷം പേരെ പുറത്താക്കിയതില്‍ പ്രതിഷേധം ശക്തമാകുമ്പോഴാണ് പുതിയ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.
2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷമാണ് തിടുക്കപ്പെട്ട് വോട്ടര്‍ പട്ടിക തീവ്രപുനഃപരിശോധന പ്രഖ്യാപിച്ചത്. ബിഹാറിലാണ് ഇത് ആദ്യം നടപ്പിലാക്കിയത്. രണ്ടാം ഘട്ടത്തിൽ കേരളം ഉള്‍പ്പെടെ 10 സംസ്ഥാനങ്ങളും മൂന്നാം ഘട്ടത്തിൽ മൂന്ന് കേന്ദ്ര ഭരണപ്രദേശങ്ങളുമായിരുന്നു ഉൾപ്പെട്ടത്. നാലാം ഘട്ടത്തിൽ 16 സംസ്ഥാനങ്ങളും മൂന്ന് കേന്ദ്ര ഭരണപ്രദേശങ്ങളും ഉൾപ്പെട്ടു. ഇതില്‍ ഒരു കേന്ദ്ര ഭരണപ്രദേശം ഉള്‍പ്പെടെ 17 ഇടത്തെ കരട് പട്ടികയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
