ഭരണഘടനയിൽ വിശ്വാസം; കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ പ്രതിഷേധത്തിനൊരുങ്ങി അഭിജീത് ദീപ്കെ ഡൽഹിയിലെത്തി

CJP

ന്യൂഡൽഹി: സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ 'കോക്രോച്ച് ജനതാ പാർട്ടി' (CJP) സ്ഥാപകൻ അഭിജീത് ദീപ്കെ ഇന്ത്യയിൽ തിരിച്ചെത്തി. യു.എസിലെ ഉപരിപഠനത്തിന് ശേഷം ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ അദ്ദേഹത്തെ കാത്ത് കനത്ത സുരക്ഷാ സന്നാഹങ്ങളാണ് പോലീസ് ഒരുക്കിയിരുന്നത്. വിമാനത്താവളത്തിൽ വെച്ച് താൻ അറസ്റ്റ് ചെയ്യപ്പെട്ടേക്കാമെന്ന് അഭിജീത് നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. "ഇന്ത്യയിലേക്ക് മടങ്ങുന്നു, എന്റെ വിധി ഭരണഘടനയുടെ കൈകളിൽ ഏൽപ്പിക്കുന്നു" എന്ന് യാത്ര പുറപ്പെടുന്നതിന് തൊട്ടുമുമ്പ് അദ്ദേഹം എക്സിൽ (ട്വിറ്റർ) കുറിച്ചിരുന്നു.

​രാജ്യത്തെ പരീക്ഷാ നടത്തിപ്പുകളിലെ (NEET, CBSE, CUET തുടങ്ങിയവ) തുടർച്ചയായ വീഴ്ചകൾ ചൂണ്ടിക്കാട്ടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിലെ ജന്തർ മന്തറിൽ വൻ പ്രതിഷേധം സംഘടിപ്പിക്കാനാണ് അഭിജീതിന്റെ തീരുമാനം.

​വിമാനത്താവളത്തിൽ വൻ ജനക്കൂട്ടം എത്തിയാൽ പൊതുജനങ്ങൾക്കും സുരക്ഷാ ജീവനക്കാർക്കും ബുദ്ധിമുട്ടുണ്ടാകുമെന്നതിനാൽ എയർപോർട്ടിലേക്ക് ആരും വരരുതെന്ന് അദ്ദേഹം അനുയായികളോട് വിഡിയോ സന്ദേശത്തിലൂടെ അഭ്യർത്ഥിച്ചിരുന്നു. വിമാനത്താവളത്തിൽ നിന്ന് താൻ നേരിട്ട് പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലേക്ക് പോകുമെന്നും ജന്തർ മന്തറിൽ സമാധാനപരമായി പ്രതിഷേധിക്കാൻ ഔദ്യോഗിക അനുമതി തേടുമെന്നും അദ്ദേഹം വ്യക്തമാക്കി.

​കുറഞ്ഞ ദിവസങ്ങൾ കൊണ്ട് സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ഫോളോവേഴ്സിനെ നേടി ശ്രദ്ധേയമായ രാഷ്ട്രീയ പരിഹാസ (Satire) പ്രസ്ഥാനമാണ് അഭിജീത് ദീപ്കെയുടെ കോക്രോച്ച് ജനതാ പാർട്ടി. പ്രസ്ഥാനത്തിന്റെ ജനപ്രീതി വർദ്ധിച്ച പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം ദീപ്കെയുടെ മഹാരാഷ്ട്രയിലെ വീട്ടിൽ പോലീസ് എത്തിയിരുന്നതായും റിപ്പോർട്ടുകളുണ്ട്.

Tags

Share this story