പ്രധാനമന്ത്രിക്കൊപ്പമുള്ള വ്യാജ ദൃശ്യം: മെറ്റയോട് ചിത്രങ്ങൾ നീക്കം ചെയ്യാൻ ഡൽഹി ഹൈക്കോടതി നിർദേശം; സി.ജെ.പി നേതാക്കൾക്ക് നോട്ടീസ്

അഭിജിത്ത്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം യുവതിയുടെ വ്യാജ ദൃശ്യങ്ങൾ (ഡീപ്പ് ഫേക്ക് ചിത്രങ്ങൾ) നിർമ്മിച്ച് പ്രചരിപ്പിച്ച സംഭവത്തിൽ കർശന നടപടിയുമായി ഡൽഹി ഹൈക്കോടതി. എഐ (Artificial Intelligence) സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച അശ്ലീല ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ നിന്ന് 24 മണിക്കൂറിനകം നീക്കം ചെയ്യാൻ മെറ്റാ പ്ലാറ്റ്‌ഫോമിന് കോടതി നിർദേശം നൽകി. ജസ്റ്റിസ് ഗിരീഷ് കട്പാലിയ അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് ഉത്തരവിട്ടത്.

​കേസുമായി ബന്ധപ്പെട്ട് 'കോക്രോച്ച് ജനതാ പാർട്ടി' (സി.ജെ.പി) നേതാക്കളായ സൗരവ് ദാസ്, അഭിജിത് ദീപ്കെ, അശുതോഷ് റാങ്ക, രത്ന സിങ് എന്നിവർക്ക് ഡൽഹി ഹൈക്കോടതി നോട്ടീസ് അയച്ചു. ജന്തർ മന്തറിൽ നടന്ന പ്രതിഷേധങ്ങൾക്കിടെ തൻ്റെ ചിത്രങ്ങൾ അനുമതിയില്ലാതെ ശേഖരിക്കുകയും എഐ സാങ്കേതികവിദ്യ വഴി പ്രധാനമന്ത്രിക്കൊപ്പമുള്ള വ്യാജ അശ്ലീല ചിത്രങ്ങളാക്കി മാറ്റുകയും ചെയ്തതായി ചൂണ്ടിക്കാട്ടി ഇരയായ യുവതി നൽകിയ ഹർജിയിലാണ് നടപടി.

​ഇത്തരം ചിത്രങ്ങൾ നിർമ്മിച്ച് പ്രചരിപ്പിക്കുക മാത്രമല്ല, തനിക്ക് നേരെ നിരന്തരം വധഭീഷണികളും അപമാനശ്രമങ്ങളും ഉണ്ടാകുന്നുണ്ടെന്നും യുവതി കോടതിയെ അറിയിച്ചു. തുടർന്ന് യുവതിക്ക് പൂർണ്ണമായ പോലീസ് സംരക്ഷണം നൽകാൻ ഡൽഹി പോലീസിന് ഹൈക്കോടതി ഉത്തരവിട്ടു. വിഷയം ഒക്ടോബർ 14-ന് കോടതി വീണ്ടും പരിഗണിക്കും. 

Tags

Share this story