പുൽവാമ ഭീകരാക്രമണത്തിൽ വീഴ്ച സംഭവിച്ചു; പുറത്തുപറയരുതെന്ന് മോദി നിർദേശിച്ചു: കാശ്മീർ മുൻ ഗവർണർ

malik

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഗുരുതര ആരോപണവുമായി ജമ്മു കാശ്മീർ ഗവർണർ സത്യപാൽ മാലിക്. പുൽവാമ ഭീകരാക്രമണത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സുരക്ഷാ വീഴ്ച സംഭവിച്ചെന്നും ഇക്കാര്യം മിണ്ടരുതെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തന്നോട് ആവശ്യപ്പെട്ടതായും സത്യപാൽ മാലിക് വെളിപ്പെടുത്തി. ദ വയറിന് നൽകിയ അഭിമുഖത്തിലാണ് മാലികിന്റെ ആരോപണങ്ങൾ. പുൽവാമ ആക്രമണമുണ്ടായപ്പോൾ സത്യപാൽ മാലിക് ആയിരുന്നു കാശ്മീർ ഗവർണർ

2500 ജവാൻമാരെ കൊണ്ടുപോകാൻ സിആർപിഎഫ് അഞ്ച് വിമാനങ്ങൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇത് നിരസിച്ചു. വിമാനത്തിലായിരുന്നു ജവാൻമാരെ കൊണ്ടുപോയതെങ്കിൽ ആക്രമണം നടക്കില്ലായിരുന്നു. ഈ വീഴ്ച മറച്ചുവെക്കാൻ പ്രധാനമന്ത്രിയും അജിത് ഡോവലും നേരിട്ട് ആവശ്യപ്പെട്ടു. രാജ്യത്ത് നടക്കുന്ന അഴിമതിയിൽ പ്രധാനമന്ത്രിക്ക് യാതൊരു പ്രശ്‌നമില്ലെന്നും സത്യപാൽ മാലിക് പറഞ്ഞു

2019 ഫെബ്രുവരി 14നാണ് പുൽവാമയിൽ സിആർപിഎഫ് വാഹനവ്യൂഹത്തിന് നേരെ ആക്രമണം നടന്നത്. 40 ജവാൻമാരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികൾ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു.
 

Share this story