വ്യാജ അവകാശവാദങ്ങൾ; എഫ്എസ്എസ്എഐയുടെ നോട്ടീസിന് പിന്നാലെ തെറ്റായ ലേബലുകൾ പിൻവലിച്ച് 6 പ്രമുഖ ഭക്ഷ്യകമ്പനികൾ
ന്യൂഡൽഹി: ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ഉൽപ്പന്നങ്ങളിൽ അവകാശവാദങ്ങളും ലേബലുകളും നൽകിയ 6 പ്രമുഖ ഭക്ഷ്യകമ്പനികൾ തെറ്റ തിരുത്താൻ തയ്യാറായതായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) അറിയിച്ചു. എഫ്എസ്എസ്എഐയുടെ നോട്ടീസിനെ തുടർന്ന് കമ്പനികൾ തെറ്റായ ലേബലുകളും ട്രേഡ്മാർക്കുകളും പിൻവലിക്കുകയും ഉൽപ്പന്നങ്ങളുടെ പാക്കേജിംഗിൽ മാറ്റം വരുത്തുകയും ചെയ്തു.
കമ്പോളത്തിൽ എത്തുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിൻ്റെയും ലേബലിംഗ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിൻ്റെയും ഭാഗമായാണ് കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റി കർശന നടപടിയെടുത്തത്.
പ്രധാന നടപടികൾ താഴെ പറയുന്നവയാണ്:
ലിവ്യോർ വെഞ്ചേഴ്സ് (Livyor Ventures): തങ്ങളുടെ റോസ്റ്റഡ് എഡമാമെ ബീൻസിൽ (Edamame Beans) നൽകിയിരുന്ന "വീഗൻ", "ഹെൽത്തി" എന്നീ തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങൾ പിൻവലിക്കുകയും നിലവിലുള്ള പാക്കേജുകൾ നശിപ്പിച്ച് പുതിയവ അവതരിപ്പിക്കാൻ നടപടി തുടങ്ങുകയും ചെയ്തു.
ഐയോണ നാനോടെക്നോളജി (Iota Nanotechnology): തെറ്റായ പരസ്യ വാചകങ്ങൾ പിൻവലിക്കുകയും നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കാത്ത കുപ്പിവെള്ളത്തിൻ്റെ ഉത്പാദനം നിർത്തിവെക്കുകയും ചെയ്തു.
രാജസ്ഥാൻ അഗ്രോ (Rajasthan Agro): പാക്കറ്റുകളിൽ നിന്നും തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളും പിപിഎം (PPM) പരാമർശങ്ങളും നീക്കം ചെയ്തു.
പഞ്ചാമൃത ഇൻഡസ്ട്രീസ് (Panchamurtha Industries): തങ്ങളുടെ ഇലക്ട്രോലൈറ്റ് ഡ്രിങ്ക് വെബ്‌സൈറ്റിൽ നിന്ന് ഒഴിവാക്കി.
ഓണസ്റ്റ് ഇന്നൊവേഷൻസ്, ഹെലിയോസ്റ്റോൺ സ്പെഷ്യാലിറ്റീസ്: ഈ രണ്ട് കമ്പനികളും എഫ്എസ്എസ്എഐ നിർദ്ദേശപ്രകാരം ട്രേഡ്മാർക്കുകളിൽ മാറ്റം വരുത്തി.
നിയമലംഘനം നടത്തിയ കമ്പനികൾ പെട്ടെന്ന് തന്നെ തിരുത്തൽ നടപടികൾക്ക് തയാറായെന്നും വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും എഫ്എസ്എസ്എഐ വ്യക്തമാക്കി.
