ഉദ്ഘാടനത്തിനെത്തിയ നടിയുടെ കാർ വളഞ്ഞ് ആരാധകർ; ചില്ല് തകർത്തു
പറ്റ്ന: ബിഹാറിലെ ജ്വല്ലറി ഉദ്ഘാടനം ചെയ്യാനെത്തിയ ഭോജ്പുരി നടി കാജൽ രഘ്വാനിയുടെ കാർ ആക്രമിച്ച് ആരാധകർ. കാറിന്‍റെ ചില്ലുകൾ തകർത്തു. കാറിനു പുറകേ ആളുകൾ ഓടുന്ന വിഡിയോയും പുറത്തു വന്നിട്ടുണ്ട്. കാജലിന്‍റെ ടൊയോട്ട ഫോർച്യുണർ ആണ് ആക്രമിക്കപ്പെട്ടത്. ബിഹാറിലെ ഷരീറിൽ വച്ചായിരുന്നു സംഭവം. കാജൽ എത്തുന്നുണ്ടെന്ന് അറിഞ്ഞ് സ്ഥലത്ത് വൻതോതിൽ ആളുകൾ തടിച്ചു കൂടിയിരുന്നു. നിർത്തിയിട്ടിരുന്ന കാറിൽ നടി ഉണ്ടായിരുന്നുവെന്ന് കരുതിയാണ് ആരാധകർ വളഞ്ഞതും ചില്ലു തകർത്തതും.
काजल राघवानी के ऊपर भीड़ ने कर दिया हमला, फिर सुरक्षाकर्मियों ने निकाला बाहर। pic.twitter.com/06dM9H7wOD
— छपरा जिला 🇮🇳 (@ChapraZila) September 20, 2026
എന്നാൽ നടിയെ ഷോറൂം ഉടമസ്ഥൻ മറ്റൊരു ഗേറ്റ് വഴി സുരക്ഷിതമായി പുറത്തെത്തിച്ചിരുന്നു. താൻ സുരക്ഷിതയാണെന്ന് അറിയിച്ചു കൊണ്ടുള്ള ഒരു വിഡിയോയും താരം പങ്കു വച്ചിട്ടുണ്ട്. അനുമതി ഇല്ലാതെയാണ് ജ്വല്ലറി ഷോറൂം ഉദ്ഘാടനം നടത്തിയതെന്ന് ആരോപണം ഉയരുന്നുണ്ട്.
2013ൽ രിഹായ് എന്ന സിനിമയിലൂടെയാണ് കാജൽ അരങ്ങേറ്റം നടത്തിയത്. പിന്നീട് പട്ന സേ പാക്കിസ്ഥാൻ, മെഹന്ദി ലഗാ കെ രഖ്നാ, ഭോജ്പുരിയ രാജ, സംഗ്രാം എന്നീ സിനിമകളിലും അഭിനയിച്ചു.
