ക്യാപ്റ്റന് വിട; തമിഴ് നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്ത് അന്തരിച്ചു

നടനും ഡിഎംഡികെ എന്ന രാഷ്ട്രീയ പാർട്ടിയുടെ സ്ഥാപകനുമായ വിജയകാന്ത് അന്തരിച്ചു. 71 വയസായിരുന്നു. കൊവിഡ് ബാധിതനായ അദ്ദേഹം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ശ്വാസസംബന്ധമായ ബുദ്ധിമുട്ടുകളെ തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. നവംബർ 20നാണ് വിജയകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

80കളിലും 90കളിലും തമിഴ് സിനിമയിൽ സൂപ്പർതാര പദവി കൈയാളിയിരുന്ന നടനായിരുന്നു വിജയകാന്ത്. ക്യാപ്റ്റൻ എന്നാണ് ആരാധകർ അദ്ദേഹത്തെ വിളിച്ചിരുന്നത്. രണ്ട് തവണ തമിഴ്‌നാട് നിയമസഭാംഗമായിരുന്നു. തമിഴ്‌നാട് നിയമസഭയിൽ പ്രതിപക്ഷ നേതാവുമായിരുന്നു. വിജയരാജ് അളഗർസാമി എന്നാണ് യഥാർഥ നാമം

ഇനിക്കും ഇളമൈ എന്ന സിനിമയിലൂടെ വില്ലനായാണ് വിജയകാന്ത് സിനിമയിലേക്ക് എത്തുന്നത്. സട്ടം ഒരു ഇരുട്ടറൈ എന്ന സിനിമയിലൂടെ നായകപദവിയിലേക്ക്. പിന്നീട് രജനികാന്തിനും കമൽഹാസനുമൊപ്പം തമിഴ് സിനിമയിലെ സൂപ്പർതാര പദവിയിലേക്ക് എത്തി.
 

Share this story