കർഷകരുടെ ഡൽഹി മാർച്ച്: ഡീസലിനും ഇന്‍റർനെറ്റിനും വിലക്ക്

Delhi

ചണ്ഡിഗഡ്: കർഷക സംഘടനകൾ ചൊവ്വാഴ്ച നടത്താനിരിക്കുന്ന 'ഡൽഹി ചലോ' മാർച്ച് കണക്കിലെടുത്ത് തലസ്ഥാനത്ത് സുരക്ഷ ശക്തമാക്കി. ഡൽഹി - ഹരിയാന അതിർത്തിയിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചു. മാർച്ച് നടക്കുന്ന ചൊവ്വാഴ്ച രാത്രി 11:59 വരെ ഹരിയാനയിലെ ഏഴ് ജില്ലകളില്‍ ഇന്‍റര്‍നെറ്റ് സേവനങ്ങൾ നിരോധിച്ചു. അംബാല, കുരുക്ഷേത്ര, കൈതാൽ, ജിൻഡ്, ഹിസാർ, ഫത്തേഹാബാദ്, സിർസ എന്നിവിടങ്ങളിലാണ് ഇന്‍റര്‍നെറ്റ് വിലക്ക്.

കർഷകരുടെ ട്രാക്റ്ററുകൾക്കും വാഹനങ്ങൾക്കും 10 ലിറ്ററിൽ അധികം ഇന്ധനം നൽകരുതെന്നു പെട്രോൾ പമ്പുകൾക്ക് സർക്കാർ നിർദേശം നൽകി. ഒരേ സമയം ഒരുപാട് പേര്‍ക്ക് എസ്എംഎസ് സന്ദേശം അയക്കുന്നതിനും വിലക്കുണ്ട്. വോയിസ് കോളുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല.

കിസാൻ മോർച്ചയും കിസാൻ മസ്‌ദൂർ മോര്‍ച്ചയും സംയുക്തമായി പ്രഖ്യാപിച്ച ചലോ മാര്‍ച്ചില്‍ ഇരുന്നൂറിലധികം കര്‍ഷക സംഘടനകള്‍ പങ്കെടുക്കുമെന്നാണ് വിവരം. വിളകൾക്കു മിനിമം താങ്ങുവിലയ്ക്ക് നിയമമുണ്ടാക്കണമെന്നതുൾപ്പെടെ ആവശ്യങ്ങളാണു കർഷക സംഘടനകൾ മുന്നോട്ടുവയ്ക്കുന്നത്.

Share this story