ഇന്ത്യ-യുഎസ് വ്യാപാര കരാറിനെതിരെ കർഷകരോഷം: ഡൽഹി മാർച്ച് ശംഭു അതിർത്തിയിൽ തടഞ്ഞു
ന്യൂഡൽഹി / ചണ്ഡീഗഡ്: ഇന്ത്യയും അമേരിക്കയും തമ്മിൽ നിർദ്ദേശിച്ചിട്ടുള്ള സ്വതന്ത്ര വ്യാപാര കരാറിനെതിരെ (India-US Trade Agreement) സമരം ശക്തമാക്കി കർഷകർ. ഡൽഹി കിസാൻ ഘട്ടിൽ 'ദേശ് ബച്ചാവോ മോർച്ച'യുടെ നേതൃത്വത്തിൽ 'കിസാൻ മഹാപഞ്ചായത്ത്' സംഘടിപ്പിക്കാനായി പുറപ്പെട്ട നൂറുകണക്കിന് കർഷകരെ ഹരിയാന പോലീസ് ശംഭു അതിർത്തിയിൽ തടഞ്ഞു. പഞ്ചാബ്, ഹരിയാന, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകരാണ് സമരത്തിൽ പങ്കെടുക്കാൻ ഡൽഹിയിലേക്ക് തിരിച്ചത്.
കർഷക മുന്നേറ്റം തടയുന്നതിനായി ശംഭു അതിർത്തിയിൽ കോൺക്രീറ്റ് ബാരിക്കേഡുകളും വൻ പോലീസ് വ്യൂഹത്തെയും ഹരിയാന സർക്കാർ വിന്യസിച്ചിട്ടുണ്ട്. സമാധാനപരമായി ഡൽഹിയിലേക്ക് മാർച്ച് ചെയ്യാനുള്ള ജനാധിപത്യ അവകാശത്തെ സർക്കാർ തടയുകയാണെന്ന് കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റി (KMSC) നേതാവ് സർവൻ സിംഗ് പന്ധേർ ആരോപിച്ചു.
എന്തുകൊണ്ടാണ് കർഷകർ പ്രതിഷേധിക്കുന്നത്?
വിലകുറഞ്ഞ ഇറക്കുമതി ഭീഷണി: ഇന്ത്യ-യുഎസ് വ്യാപാര കരാർ യാഥാർത്ഥ്യമായാൽ അമേരിക്കയിൽ നിന്ന് വൻതോതിൽ സബ്‌സിഡി ലഭിക്കുന്ന കാർഷിക-ക്ഷീര ഉൽപ്പന്നങ്ങൾ (സോയാബീൻ, ചോളം, ആപ്പിൾ, പാൽ ഉൽപ്പന്നങ്ങൾ) കുറഞ്ഞ നികുതിയിൽ ഇന്ത്യൻ വിപണിയിലെത്തും.
ചെറുകിട കർഷകരുടെ നിലനിൽപ്പ്: ഇന്ത്യയിലെ ഭൂരിഭാഗം കർഷകരും ചെറിയ ഭൂമിയുള്ളവരാണ്. വിലകുറഞ്ഞ അമേരിക്കൻ ഉൽപ്പന്നങ്ങളുമായി മത്സരിക്കാൻ സാധിക്കാതെ വരുന്നത് പ്രാദേശിക കർഷകരുടെയും ക്ഷീരകർഷകരുടെയും വരുമാനത്തെയും ജീവനൊപാധിയെയും ബാധിക്കുമെന്ന് കർഷക സംഘടനകൾ ചൂണ്ടിക്കാണിക്കുന്നു.
കരാർ ഉപേക്ഷിക്കണം: നില നിർദ്ദേശിത വ്യാപാര കരാറുമായി ബന്ധപ്പെട്ട ചർച്ചകളിൽ നിന്ന് കേന്ദ്ര സർക്കാർ പൂർണ്ണമായും പിന്മാറണമെന്നാണ് കർഷകരുടെ പ്രധാന ആവശ്യം.
