വെളിപ്പെടുത്താത്ത വിദേശ സ്വത്തുക്കൾക്ക് 'ഫാസ്റ്റ്-ഡിഎസ്' പദ്ധതി; 60% നികുതി അടച്ച് ശിക്ഷാനടപടികളിൽ നിന്ന് ഒഴിവാകാം
ന്യൂഡൽഹി: വിദേശത്തുള്ള വെളിപ്പെടുത്താത്ത സ്വത്തുക്കളും ബാങ്ക് അക്കൗണ്ട് നിക്ഷേപങ്ങളും നിയമാനുസൃതമാക്കാൻ ആദായനികുതി വകുപ്പ് 'FAST-DS' (Foreign Assets of Small Taxpayers Disclosure Scheme) എന്ന പുതിയ ഒറ്റത്തവണ പദ്ധതി അവതരിപ്പിച്ചു.
ഇതുപ്രകാരം വിദേശത്ത് ബാങ്ക് അക്കൗണ്ടുകളോ ഓഹരികളോ മറ്റ് നിക്ഷേപങ്ങളോ ഉള്ള വ്യക്തികൾക്ക് തങ്ങളുടെ സ്വത്ത് വിവരങ്ങൾ സ്വമേധയാ വെളിപ്പെടുത്താം. ബ്ലാക്ക് മണി ആക്ട് (Black Money Act) പ്രകാരം സാധാരണ നേരിടേണ്ടി വരുന്ന 120% ഭീമമായ നികുതിക്കും പിഴയ്ക്കും നിയമനടപടികൾക്കും പകരം, സ്വത്തിന്റെ വിപണി മൂല്യത്തിന്മേൽ ആകെ 60% നികുതിയും ലെവിയും അടച്ച് കേസ് പൂർണ്ണമായും അവസാനിപ്പിക്കാൻ പദ്ധതി അവസരമൊരുക്കുന്നു.
ആർക്കൊക്കെ പ്രയോജനപ്പെടും: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾ (NRIs), വിദേശ കമ്പനികളുടെ ESOP/RSU ഓഹരികൾ ലഭിച്ച ജീവനക്കാർ, വിദേശത്ത് ബാങ്ക് അക്കൗണ്ടുകൾ ഉള്ളവർ.
നികുതി ഘടന: 30% അടിസ്ഥാന നികുതി + 30% അഡിഷണൽ ലെവി = ആകെ 60% തുക.
പരമാവധി പരിധി: 1 കോടി രൂപ വരെയുള്ള വെളിപ്പെടുത്താത്ത വിദേശ സ്വത്തുക്കൾക്കോ വരുമാനത്തിനോ ആണ് ഈ ആനുകൂല്യം ലഭിക്കുക.
സാങ്കേതിക തെറ്റുകൾക്ക് ആശ്വാസം: തുക കൃത്യമായി നികുതി അടച്ചതാണെങ്കിലും ITR Schedule FA-യിൽ കാണിക്കാൻ വിട്ടുപോയവർക്ക് (₹5 കോടി വരെയുള്ള കേസിൽ) നിശ്ചിത കമ്പോണ്ടിംഗ് ഫീസ് അടച്ച് ശിക്ഷയിൽ നിന്ന് ഒഴിവാകാം.
ബ്ലാക്ക് മണി ആക്ട് പ്രകാരമുള്ള ജയിൽ ശിക്ഷയിൽ നിന്നും പിഴയിൽ നിന്നും ഒഴിവാകാൻ നികുതിദായകർക്ക് ലഭിക്കുന്ന അവസാന അവസരമാണിത്.
