എഫ്.സി.ആർ.എ ഭേദഗതി ബിൽ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ അവതരിപ്പിച്ചേക്കും; ലിസ്റ്റ് പുറത്തുവിട്ട് ലോക്സഭാ സെക്രട്ടറിയേറ്റ്

FCRA

ന്യൂഡൽഹി: വിവാദമായ എഫ്സിആർഎ (വിദേശ സംഭാവന നിയന്ത്രണ നിയമം) ഭേദഗതി ബിൽ പാർലമെന്റിന്റെ വരാനിരിക്കുന്ന വർഷകാല സമ്മേളനത്തിൽ കേന്ദ്രസർക്കാർ അവതരിപ്പിച്ചേക്കും. തിങ്കളാഴ്ച ആരംഭിക്കുന്ന സമ്മേളനത്തിൽ പരിഗണിക്കുന്നതിനായി ലോക്സഭാ സെക്രട്ടേറിയറ്റ് പ്രസിദ്ധീകരിച്ച പുതിയ ബുള്ളറ്റിനിലാണ് എഫ്സിആർഎ ഭേദഗതി ബിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

​നേരത്തെ ശക്തമായ പ്രതിഷേധങ്ങളെത്തുടർന്ന് മാറ്റിവെച്ചിരുന്ന ബില്ലാണ് കേന്ദ്രം വീണ്ടും സഭയുടെ പരിഗണനയ്ക്ക് എത്തിക്കുന്നത്. ഈ ബിൽ ഉൾപ്പെടെ ആകെ 7 ബില്ലുകളാണ് ഇത്തവണ സഭയിൽ അവതരിപ്പിക്കാൻ ലിസ്റ്റ് ചെയ്തിട്ടുള്ളത്.

​വിദേശത്ത് നിന്ന് ലഭിക്കുന്ന പണത്തിന്റെ ഉറവിടവും വിനിയോഗവും പൂർണ്ണമായും സുതാര്യമാക്കുക, ദേശീയ സുരക്ഷ ഉറപ്പാക്കുക എന്നിവയാണ് ഭേദഗതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് സർക്കാർ വ്യക്തമാക്കുന്നു. എന്നാൽ വിദേശ ഫണ്ടുകളെ ആശ്രയിക്കുന്ന സന്നദ്ധ സംഘടനകൾ (NGOs), സമുദായിക സംഘടനകൾ എന്നിവയുടെ പ്രവർത്തനങ്ങൾക്ക് മേൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതാണ് പുതിയ വ്യവസ്ഥകളെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

ലിസ്റ്റ് ചെയ്ത മറ്റ് പ്രധാന ബില്ലുകൾ:

​വികസിത് ഭാരത് ശിക്ഷാ അധിഷ്ഠാൻ ബിൽ 2025

​ജനന-മരണ രജിസ്ട്രേഷൻ (ഭേദഗതി) ബിൽ

ദേശീയ ബഹുമതികളെ അപമാനിക്കുന്നത് തടയാനുള്ള നിയമ ഭേദഗതി ബിൽ (ഇതുപ്രകാരം വന്ദേമാതരത്തെ അപമാനിക്കുന്നത് ക്രിമിനൽ കുറ്റമാകും)

ഇൻകം ടാക്സ് ഭേദഗതി ബിൽ

തിങ്കളാഴ്ച (ജൂലൈ 20) ആരംഭിച്ച് ഓഗസ്റ്റ് 13 വരെ നീണ്ടുനിൽക്കുന്ന വർഷകാല സമ്മേളനത്തിൽ ആകെ 19 പ്രവൃത്തിദിനങ്ങളാണുള്ളത്. പ്രതിപക്ഷം ബില്ലിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കാൻ സാധ്യതയുള്ളതിനാൽ ഇത്തവണത്തെ പാർലമെന്റ് സമ്മേളനം കടുത്ത വാദപ്രതിവാദങ്ങൾക്ക് സാക്ഷ്യം വഹിക്കുമെന്നുറപ്പാണ്.

Tags

Share this story