ഇന്ത‍്യാസഖ‍്യത്തിന്‍റെ മഹാറാലിക്കിടെ കസ്റ്റഡിയിലെടുത്ത 22 പേർക്കെതിരേ എഫ്ഐആർ‌

രാംലീല

ന‍്യൂഡൽഹി: ഇക്കഴിഞ്ഞ ഞായറാഴ്ച ഡൽഹിയിലെ രാംലീല മൈതാനത്ത് നിന്നും ജന്തർ മന്തറിലേക്ക് ഇന്ത‍്യാ സഖ‍്യം നടത്തിയ പ്രതിഷേധ റാലിക്കിടെ മിന്‍റോ റോഡിൽ വച്ച് കസ്റ്റഡിയിലെടുത്ത 22 പേർക്കെതിരേ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഭാരതീയ ന‍്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഡൽഹി പൊലീസിന്‍റേതാണ് നടപടി. എസ്ഐആർ നടപടികളിലെ ക്രമക്കേടുകൾ ഉന്നയിച്ചും മുഖ‍്യ തെരഞ്ഞെടുപ്പ് കമ്മിഷണർ രാജിവയ്ക്കണമെന്നും ആവശ‍്യപ്പെട്ടാണ് ഇന്ത‍്യാസഖ‍്യം രാംലീല മൈതാനത്ത് മഹാറാലി നടത്തിയത്. മഹാറാലിയിൽ പങ്കെടുത്തവരുടെ യഥാർഥ കണക്ക് പൊലീസ് പങ്കുവയ്ച്ചിട്ടില്ലെങ്കിലും ഏകദേശം 50,000ത്തോളം പേർ പ്രതിഷേധത്തിനെത്തിയെന്നാണ് വിവരം.

രാംലീല മൈതാനത്ത് പരിപാടി നടത്താൻ അനുമതിയുണ്ടായിരുന്നുവെന്നും ജന്തർ മന്തർ ഇപ്പോൾ പ്രതിഷേധ വേദിയല്ലാത്തതിനാലാണ് വിദ‍്യാർഥികൾ അവിടേയ്ക്ക് പോയതെന്നും അധികൃതർ പറഞ്ഞു. ഞായറാഴ്ച വൈകുന്നേരം 5 മണിയോടെ ദിശ സ്റ്റുഡന്‍റ്സ് ഓർഗനൈസേഷൻ, റെവലൂഷനറി വർക്കേഴ്സ് പാർട്ടി ഓഫ് ഇന്ത‍്യ (ആർ‌ഡബ്ല്യുപി‌ഐ) എന്നിവയിലെ അംഗങ്ങളാണ് റാലി നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.

എന്നാൽ മിന്‍റോ റോഡിൽ വച്ച് പൊലീസും അർധസൈനിക വിഭാഗങ്ങളും ചേർന്ന് പ്രതിഷേധക്കാരെ തടയുകയും രണ്ട് ബസുകളിലായി സെക്റ്റർ 23, ജാഫർപുർ കലാൻ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. തുടർന്ന് തിങ്കളാഴ്ച പുലർച്ചെ രണ്ടു മണിയോടെ വിട്ടയക്കുകയും ചെയ്തിരുന്നു. പ്രതിഷേധക്കാരിൽ ഒരാളായ വിശാലിനെ കൊണാട്ട് പ്ലേസ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും ഭാരതീയ നാഗരിക് സുരക്ഷ സെഷൻ 126, 170 പ്രകാരം കരുതൽ തടങ്കലിൽ വയ്ക്കുകയും ചെയ്തിരുന്നു.

Tags

Share this story