ഡൽഹിയിൽ ഡാറ്റാ സെന്ററിന് തീപിടിച്ചു; രാജ്യത്ത് ഗൂഗിൾ ക്ലൗഡ് നെറ്റ്‌വർക്കിൽ വൻ വേഗതക്കുറവ്
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ തേർഡ് പാർട്ടി ഡാറ്റാ സെന്ററിലുണ്ടായ വൻ തീപിടിത്തത്തെ തുടർന്ന് ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ ഗൂഗിൾ ക്ലൗഡ് സേവനങ്ങളിൽ തടസ്സം നേരിടുന്നു. ഡൽഹി, മുംബൈ, ചെന്നൈ തുടങ്ങിയ മെട്രോ നഗരങ്ങളിലെ ഉപഭോക്താക്കൾക്ക് കടുത്ത നെറ്റ്‌വർക്ക് തടസ്സവും വേഗതക്കുറവും (Elevated Latency) അനുഭവപ്പെടുന്നതായാണ് റിപ്പോർട്ട്.
ഡൽഹിയിലെ ഡാറ്റാ സെന്ററിലുണ്ടായ തീപിടിത്തത്തെ തുടർന്ന് അടിയന്തരമായി നെറ്റ്‌വർക്കിങ് ഉപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കേണ്ടി വന്നതാണ് പ്രതിസന്ധിക്ക് കാരണമായത്. ഇതോടെ ഡൽഹിയിലെ പ്രാദേശിക കണക്റ്റിവിറ്റി കേന്ദ്രം (Point of Presence - POP) ഒറ്റപ്പെടുകയും നെറ്റ്‌വർക്ക് ശേഷി വൻതോതിൽ കുറയുകയും ചെയ്തു.
പ്രശ്നം പരിഹരിക്കുന്നതിനായി തകരാറിലായ കേന്ദ്രത്തിൽ നിന്നുള്ള ഡാറ്റാ ട്രാഫിക് ഗൂഗിൾ മറ്റ് റൂട്ടുകളിലേക്ക് തിരിച്ചുവിട്ടിട്ടുണ്ട്. എന്നാൽ മറ്റ് നഗരങ്ങളിലെ ഡാറ്റാ ശേഷിയേക്കാൾ കൂടുതൽ ആവശ്യക്കാർ ഒരേസമയം എത്തിയതോടെ മെട്രോ നഗരങ്ങളിലും പ്രാദേശിക ഇന്റർനെറ്റ് സേവനദാതാക്കളിലും (ISPs) തടസ്സങ്ങൾ നേരിടുന്നുണ്ട്. ഗൂഗിൾ ക്ലൗഡ് വഴി പ്രവർത്തിക്കുന്ന വിവിധ ബിസിനസ്സ് ആപ്പുകളെയും വെബ്‌സൈറ്റുകളെയും ഇത് ബാധിച്ചിട്ടുണ്ട്. തകരാറിലായ ഡാറ്റാ സെന്റർ പൂർണ്ണതോതിൽ പ്രവർത്തനസജ്ജമാകുന്നത് വരെ നേരിയ വേഗതക്കുറവും ഇന്റർനെറ്റ് റൂട്ടിങ്ങിൽ മാറ്റങ്ങളും തുടർന്നേക്കാമെന്ന് ഗൂഗിൾ ക്ലൗഡ് ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.
