പഞ്ചാബിൽ അമൃത്സർ-സഹർസ ഗരീബ് രഥ് എക്‌സ്പ്രസിൽ തീപിടിത്തം; ഒരു കോച്ച് പൂർണമായും കത്തി

പഞ്ചാബിലെ സിർഹിന്ദ് റെയിൽവെ സ്റ്റേഷനിൽ അമൃത്സർ-സഹർസ ഗരീബ് രഥ് എക്സ്പ്രസ് ട്രെയിനിൽ വൻ തീപിടിത്തം. ഇന്ന് രാവിലെ 7.30 ഓടെ അമൃത്സർ-സഹർസ എക്സ്പ്രസിന്റെ 12204 എന്ന നമ്പർ ട്രെയിനിന്റെ മൂന്ന് കോച്ചുകളിലേക്ക് തീ പടരുകയായിരുന്നു. ഒരു കോച്ച് പൂർണമായും കത്തി നശിച്ചു.
തീ കണ്ട ഉടനെ യാത്രക്കാരെ മാറ്റി തീയണച്ചതായി റെയിൽവേ അധികൃതർ അറിയിച്ചു. സംഭവത്തിൽ ആർക്കും പരുക്കുകളോ ആളപായമോ സംഭവിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ട്രെയിനിന്റെ 19ാം നമ്പർ കോച്ചിലാണ് ആദ്യം തീപിടിത്തമുണ്ടായത്.
ട്രെയിനിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ ട്രെയിൻ നിർത്തിയിട്ട് തീയണക്കാൻ ശ്രമം തുടങ്ങിയതിനാൽ വലിയ അപകടം ഒഴിവായി. റെയിൽവേ അധികൃതരും അഗ്നിശമന സേനയും ഉടൻ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. സുരക്ഷാ പരിശോധനകൾക്കുശേഷം ട്രെയിൻ സഹർസയിലേക്കുള്ള യാത്ര പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.