ഡൽഹിയിൽ മെട്രോ സ്റ്റാഫ് ക്വാർട്ടേഴ്‌സിൽ തീപിടിത്തം; ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു

fire

ഡൽഹിയിലെ മെട്രോ സ്റ്റാഫ് ക്വാട്ടേഴ്സിൽ ഉണ്ടായ തീപിടിത്തത്തിൽ ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം. ആദർശ് നഗറിലെ ഡൽഹി മെട്രോ സ്റ്റാഫ് ക്വാട്ടേഴ്സിലാണ് തീപിടിത്തമുണ്ടായത്. അജയ് കുമാർ(42), ഭാര്യ നീലം (38) മകൾ ജാൻവി (10) എന്നിവരാണ് മരിച്ചത്. ഒരു അഗ്‌നിശമന സേനാംഗത്തിന് പരിക്കേറ്റു. ഇന്ന് പുലർച്ചെയാണ് തീപിടിത്തമുണ്ടായത്.

ആദർശ് നഗറിലെ ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (ഡിഎംആർസി) സ്റ്റാഫ് ക്വാട്ടേഴ്സിന്റെ രണ്ടാംനിലയിലാണ് തീപിടിത്തമുണ്ടായത്. ഉടൻ തന്നെ അഗ്‌നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തിയെന്നും രക്ഷാപ്രവർത്തനം നടത്തുന്നതിനിടെയാണ് മൂന്ന് മൃതദേഹങ്ങളും കണ്ടെത്തിയതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. 

ഞായറാഴ്ച്ച മണ്ഡാവലിയിലെ അഞ്ച് നില കെട്ടിടത്തിലും തീപിടിത്തമുണ്ടായിരുന്നു. ഫ്ളാറ്റിന്റെ മുകളിലെ നിലയിലാണ് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് തീപിടിത്തമുണ്ടായത്. അവിടെയും രക്ഷാപ്രവർത്തനത്തിനിടെ മൂന്ന് അഗ്‌നിശമന സേനാംഗങ്ങൾക്ക് പരിക്കേറ്റിരുന്നു.
 

Tags

Share this story