ജയ്പൂരിലെ ആശുപത്രി ഐസിയുവിൽ തീപിടിത്തം; 6 രോഗികൾക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്

jaipur

രാജസ്ഥാനിൽ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ ആറ് രോഗികൾക്ക് ദാരുണാന്ത്യം. ജയ്പൂരിലെ സവായ് മാൻ സിംഗ് ആശുപത്രിയിൽ ഐസിയുവിലാണ് തീപിടിത്തമുണ്ടായത്. ഇന്നലെ രാത്രിയാണ് സംഭവം. ഷോർട്ട് സർക്യൂട്ടാണ് ദുരന്തത്തിന് കാരണമായത്. 

മരിച്ചവരിൽ രണ്ട് സ്ത്രീകളും ഉൾപ്പെടുന്നുണ്ട്. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. അതിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി. പിന്റു, ശ്രീകാന്ത്, രുക്മിണി, ഖുർമ, ബഹാദൂർ എന്നിവരാണ് മരിച്ചത്. 

ആശുപത്രിക്കുള്ളിൽ പുക നിറഞ്ഞതോടെ രോഗികൾ പരിഭ്രാന്തരായി ഓടി. ഐസിയുവിലെ ഉപകരണങ്ങളും ആശുപത്രി രേഖകളും കത്തിനശിച്ചു. രാജസ്ഥാൻ മുഖ്യമന്ത്രിയും മന്ത്രിമാരും അപകടം നടന്നതിന് പിന്നാലെ ആശുപത്രി സന്ദർശിച്ചു. ആശുപത്രിയിൽ ഫോറൻസിക് പരിശോധന അടക്കം തുടരുകയാണ്.
 

Tags

Share this story