നോയിഡയിൽ ബഹുനില കെട്ടിടത്തിന് തീപിടിച്ചു; പുക ശ്വസിച്ച് രണ്ട് മരണം: 50-ഓളം കുടുംബങ്ങളെ രക്ഷപ്പെടുത്തി

Up

നോയിഡ: ഉത്തർപ്രദേശിലെ നോയിഡയിലുള്ള മമുറ ഗ്രാമത്തിൽ ബഹുനില റെസിഡൻഷ്യൽ കെട്ടിടത്തിലുണ്ടായ കനത്ത തീപിടിത്തത്തിൽ രണ്ട് പേർ മരിച്ചു. കനത്ത പുക ശ്വസിച്ചതിനെ തുടർന്ന് ആരോഗ്യനില വഷളായ ഒരു പുരുഷനും സ്ത്രീയുമാണ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണപ്പെട്ടത്. കെട്ടിടത്തിൽ കുടുങ്ങിക്കിടന്ന അമ്പതോളം കുടുംബങ്ങളെ ഫയർഫോഴ്‌സും പൊലീസും ചേർന്ന് സുരക്ഷിതമായി പുറത്തെത്തിച്ചു.

​ബുധനാഴ്ച സെക്ടർ 66-ലെ മമുറ ഗ്രാമത്തിലാണ് അപകടം നടന്നത്. നാല് നിലകളുള്ള കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ലോറിൽ പാർക്ക് ചെയ്തിരുന്ന ഇലക്ട്രിക് സ്കൂട്ടർ ചാർജ് ചെയ്യുന്നതിനിടെ ഉണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ചാർജിങ് ഇലക്ട്രിക് വാഹനത്തിൽ നിന്ന് ഉയർന്ന തീപ്പൊരി സമീപത്ത് നിർത്തിയിട്ടിരുന്ന പെട്രോൾ വാഹനങ്ങളിലേക്ക് പടരുകയും നിമിഷങ്ങൾക്കകം കെട്ടിടം മുഴുവൻ പുകയാൽ മൂടുകയുമായിരുന്നു.

​വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിശമനസേനയുടെ 7 യൂണിറ്റുകളും ഹൈഡ്രോളിക് പ്ലാറ്റ്‌ഫോമും ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്. കനത്ത പുക കാരണം കെട്ടിടത്തിനുള്ളിൽ കുടുങ്ങിയ പലർക്കും ശ്വാസതടസ്സം അനുഭവപ്പെട്ടു. കൃത്യസമയത്ത് നടത്തിയ രക്ഷാപ്രവർത്തനം വലിയൊരു ദുരന്തം ഒഴിവാക്കി. സംഭവവുമായി ബന്ധപ്പെട്ട് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതിരുന്ന കെട്ടിടത്തിന്റെ ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

Tags

Share this story