മണിപ്പൂരില്‍ വെടിവെപ്പ്; മൂന്ന് കുക്കി യുവാക്കള്‍ കൊല്ലപ്പെട്ടു

മണിപ്പൂർ

ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും വെടിവെപ്പ്. മൂന്ന് കുക്കി യുവാക്കള്‍ കൊല്ലപ്പെട്ടു. മണിപ്പൂരിലെ നോണി ജില്ലയിലാണ് അജ്ഞാത സായുധ സംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. വനപ്രദേശമായ നോണിയില്‍ ഇന്നലെയുണ്ടായ വെടിവെപ്പ് മണിക്കൂറുകളോളം നീണ്ടുനിന്നു.

കൊല്ലപ്പെട്ടവര്‍ ഗ്രാമത്തിന്റെ സുരക്ഷയ്ക്കായി നിന്ന വോളണ്ടിയര്‍മാരാണെന്ന് കുക്കി ഗോത്രവിഭാഗങ്ങളുടെ സംഘടനയായ 'കുക്കി ഇംപി മണിപ്പൂര്‍' പ്രതികരിച്ചു. ആക്രമണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും സംഘടനാ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

നാഗ വിഭാഗവുമായി ബന്ധമുള്ള സായുധ സംഘങ്ങളാണ് ഇതിനുപിന്നിലെന്നും ആരോപണമുണ്ട്. സംഭവത്തെ തുടര്‍ന്ന് മേഖലയില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നോണിയിലെ നുങ്ബ സബ് ഡിവിഷനിലുള്ള കെക്രു നാഗ ഗ്രാമത്തിലാണ് സായുധ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയത്.

ഒക്ടോബര്‍ 29 മുതല്‍ കുക്കി-നാഗ വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലുകള്‍ ഉണ്ടാകുന്നുണ്ട്. എന്നാല്‍ മരണത്തില്‍ കലാശിച്ച ആദ്യ സംഭവമിതാണെന്നും പൊലീസ് പറയുന്നു. ചുരാചന്ദ്പൂര്‍ ജില്ലയില്‍ നിന്നുള്ള തങ്ലെന്‍സാങ് സിങ്‌സണ്‍, താങ്ഖോസെയ് ഹാക്കിപ്, ലാമിന്‍സാങ് കിപ്ജെന്‍ എന്നിവരാണ് മരിച്ചതെന്നും പൊലീസ് പറഞ്ഞു.

സംഭവസ്ഥലത്ത് നിന്ന് നാല് ഓട്ടോമാറ്റിക് അസോള്‍ട്ട് റൈഫിളുകള്‍, ഒരു സിംഗിള്‍ ബാരല്‍ റൈഫിള്‍, ഒരു ഡ്രോണ്‍, വെടിമരുന്ന്, ഇംപ്രൊവൈസ്ഡ് സ്‌ഫോടകവസ്തുക്കള്‍ എന്നിവ കണ്ടെടുത്തതായും അധികൃതര്‍ അറിയിച്ചു.

അതേസമയം 2023ല്‍ മണിപ്പൂരില്‍ പൊട്ടിപ്പുറപ്പെട്ട മെയ്‌തെയ്, കുക്കി സമുദായങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ മുന്നൂറിലധികം പേരാണ് കൊല്ലപ്പെട്ടത്. കൂടാതെ നിരവധി വീടുകള്‍ തീയിട്ട് നശിപ്പിക്കുകയും സ്ത്രീകളെ ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തു.

2026 ഫെബ്രുവരി മുതല്‍ കുക്കി, നാഗാ ഗ്രൂപ്പുകള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഏകദേശം 50 പേരും കൊല്ലപ്പെട്ടു. താഴ്‌വരയില്‍ ഭൂരിപക്ഷമുള്ള മെയ്‌തെയ് വിഭാഗവും, കുന്നിന്‍ പ്രദേശങ്ങളില്‍ സ്വാധീനമുള്ള കുക്കി-സോ സമുദായവും തമ്മിലാണ് പ്രധാനമായും ഏറ്റുമുട്ടലുകള്‍ നടക്കുന്നത്.

Tags

Share this story