യുപി മഥുരയിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
ഉത്തർപ്രദേശിലെ മഥുര ജില്ലയിലെ ഖപ്പാർപൂർ ഗ്രാമത്തിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കർഷകനായ മനീഷ് കുമാർ(35), മനീഷ് കുമാറിന്റെ ഭാര്യ, മൂന്ന് മക്കൾ എന്നിവരാണ് മരിച്ചത്. മനീഷിന്റെ മരണം വൈദ്യുതാഘാതമേറ്റാണെന്ന് പോലീസ് അറിയിച്ചു
ഭാര്യയെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ഹണി, പ്രിയാൻഷി, പ്രതീക് എന്നീ മൂന്ന് കുട്ടികളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയിലും കണ്ടെത്തി. കൂട്ട ആത്മഹത്യയെന്നാണ് സംശയിക്കുന്നതെന്നും അന്വേഷണം തുടരുന്നതായും പോലീസ് പറഞ്ഞു
മനീഷിന്റെ മൊബൈൽ ഫോൺ പോലീസ് പരിശോധിച്ച് വരികയാണ്. സംഭവവുമായി ബന്ധപ്പെട്ട് ആത്മഹത്യാക്കുറിപ്പും പോലീസ് കണ്ടെത്തി. താനും ഭാര്യയും ജീവിതം അവസാനിപ്പിക്കുകയാണെന്നും മരണത്തിൽ മറ്റാരും ഉത്തരവാദികളല്ലെന്നും യാതൊരു കടബാധ്യതയില്ലെന്നും കുറിപ്പിൽ പറയുന്നു.
