നേപ്പാളിലെ മിന്നൽ പ്രളയം; ഉത്തർപ്രദേശിലേക്ക് നദിയിലൂടെ ഒഴുകിയെത്തി മൂന്ന് മൃതദേഹങ്ങൾ
മഹാരാജ്ഗഞ്ച്: നേപ്പാളിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരിൽ മൂന്ന് പേരുടെ മൃതദേഹങ്ങൾ ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ച് ജില്ലയിലെ ഗണ്ഡക് നദിയിൽനിന്ന് കണ്ടെടുത്തു. ഇതിൽ രണ്ട് മൃതദേഹങ്ങൾ സ്ത്രീകളുടേതാണ്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.
അർധസൈനിക വിഭാഗമായ സശസ്ത്ര സീമാ ബൽ (എസ്എസ്ബി) ആണ് വ്യാഴാഴ്ച മൃതദേഹങ്ങൾ കണ്ടെത്തിയത്. പ്രളയം റിപ്പോർട്ട് ചെയ്തതിനു പിന്നാലെ അതിർത്തി പ്രദേശമായ ഉത്തർപ്രദേശിൽ നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. ഇതിന്‍റെ ഭാഗമായി ഗണ്ഡക് നദിയിൽ നിരീക്ഷണം നടത്തുകയായിരുന്ന എസ്എസ്ബിയുടെ രക്ഷാസംഘമാണ് ഒഴുകിയെത്തിയ മൃതദേഹങ്ങൾ കണ്ടത്.
ഉടൻ തന്നെ ബോട്ട് ഉപയോഗിച്ച് മൃതദേഹങ്ങൾ കരയ്ക്ക് എത്തിക്കുകയായിരുന്നു. തുടർന്ന് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇന്ത്യൻ പ്രദേശത്തുനിന്ന് മൃതദേഹങ്ങൾ കണ്ടെത്തിയ വിവരം എസ്എസ്ബി ഇൻസ്പെക്റ്റർ അരുൺ പാണ്ഡെ സ്ഥിരീകരിച്ചു.
