അസമിൽ പ്രളയക്കെടുതി രൂക്ഷം; രക്ഷാപ്രവർത്തനത്തിനായി 'ഓപ്പറേഷൻ ജൽ രാഹത്' പ്രഖ്യാപിച്ച് ഇന്ത്യൻ സൈന്യം

ആസ്സാം

ഗുവാഹത്തി: അസമിൽ കനത്ത മഴയെത്തുടർന്നുണ്ടായ പ്രളയക്കെടുതി അതീവ ഗുരുതരമായി തുടരുന്നു. കിഴക്കൻ-ഉപരി അസം മേഖലകളിലെ 12 ഓളം ജില്ലകളെ പ്രളയം പൂർണ്ണമായി ബാധിച്ചിരിക്കുകയാണ്. നൂറുകണക്കിന് ഗ്രാമങ്ങൾ വെള്ളത്തിനടിയിലാവുകയും ഒന്നര ലക്ഷത്തിലധികം ആളുകൾ ദുരിതത്തിലാവുകയും ചെയ്ത സാഹചര്യത്തിൽ ഇന്ത്യൻ സൈന്യം നേരിട്ട് രക്ഷാപ്രവർത്തനം ഏറ്റെടുത്തു. 'ഓപ്പറേഷൻ ജൽ രാഹത്' (Operation Jal Rahat) എന്ന് പേരിട്ടിരിക്കുന്ന വൻ രക്ഷാദൗത്യമാണ് സൈന്യം അസമിൽ ആരംഭിച്ചിരിക്കുന്നത്.

​അസം റൈഫിൾസ്, ദേശീയ ദുരന്ത നിവാരണ സേന (NDRF), സംസ്ഥാന ദുരന്ത നിവാരണ സേന (SDRF) എന്നിവരുമായി കൈകോർത്താണ് സൈന്യത്തിന്റെ വിവിധ വിഭാഗങ്ങൾ പ്രളയബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്നത്. ചരൈഡിയോ, ശിവസാഗർ, ജോർഹട്ട് തുടങ്ങിയ ജില്ലകളിലാണ് പ്രളയം ഏറ്റവും കൂടുതൽ നാശം വിതച്ചിരിക്കുന്നത്. പലയിടങ്ങളിലും റെയിൽവേ ട്രാക്കുകളും റോഡുകളും വെള്ളപ്പൊക്കത്തിൽ തകർന്നതോടെ ഗതാഗത സംവിധാനങ്ങൾ പൂർണ്ണമായും തസ്തംഭിച്ചു.

​കൂടുതൽ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനായി കൂടുതൽ ബോട്ടുകളും വ്യോമസേനയുടെ ഹെലികോപ്റ്ററുകളും സജ്ജമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ നേതൃത്വത്തിൽ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തുന്നുണ്ട്. വരും മണിക്കൂറുകളിലും ബ്രഹ്മപുത്ര നദീതടങ്ങളിൽ ശക്തമായ മഴ തുടരുമെന്ന കാലാവസ്ഥാ മുന്നറിയിപ്പുള്ളതിനാൽ രക്ഷാസേനകൾ അതീവ ജാഗ്രതയിലാണ്. 

Tags

Share this story