കശ്മീരില്‍ ബൈശാഖി ആഘോഷത്തിനിടെ നടപ്പാലം തകര്‍ന്നു; 60 പേര്‍ക്ക് പരുക്ക്

Accidant

ശ്രീനഗര്‍: ബൈശാഖി ആഘോഷത്തിനിടെ നടപ്പാലം തകര്‍ന്ന് വീണ് കുട്ടികള്‍ ഉള്‍പ്പടെ 60 പേര്‍ക്ക് പരുക്ക്. ജമ്മു കശ്മീരിലെ ഉദ്ദംപൂര്‍ ജില്ലയിലാണ് അപകടം നടന്നത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.

ചെനാനി ബ്ലോക്കിലെ ബെയിന്‍ ഗ്രാമത്തിലെ ബേനി സംഗമത്തില്‍ നടന്ന ബൈശാഖി ആഘോഷത്തിനിടെയാണ് അപകടം നടന്നതെന്ന് അധികൃതര്‍ പറഞ്ഞു. ആഘോഷത്തെ തുടര്‍ന്ന് വലിയ ജനത്തിരക്കാണ് ഇവിടെ അനുഭവപ്പെട്ടത്. തുടര്‍ന്ന് നടപ്പാലത്തിലേക്ക് നിരവധി പേര്‍ കയറിയതോടെ അമിതഭാരം കാരണമാണ് പാലം തകര്‍ന്നതെന്ന് ജമ്മു ഡിവിഷണല്‍ കമ്മീഷണര്‍ രമേഷ് കുമാര്‍ പറഞ്ഞു. ഉടന്‍ തന്നെ പൊലീസും ദുരിതാശ്വാസ സംഘവും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചുവെന്ന് അധികൃതര്‍ അറിയിച്ചു. പരുക്കേറ്റവരെ ചെനാനിയിലെ സിറ്റി ഹെല്‍ത്ത് സെന്റര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ 20 പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.


 

Share this story