ഫോം 6 പുതിയ വോട്ടര്‍മാരെ ചേര്‍ക്കാനുള്ളത്; നിയമപ്രശ്‌നം ചൂണ്ടിക്കാട്ടി മുന്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ്.വൈ ഖുറേഷി
ന്യൂഡല്‍ഹി: ഫോം 6-ലെ നിയമ പ്രശ്‌നമുയര്‍ത്തി മുന്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ്.വൈ ഖുറേഷി. വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് ഒഴിവാക്കപ്പെട്ട ഒരാള്‍ക്ക് ഫോം 6 പൂരിപ്പിക്കാന്‍ കഴിയില്ലെന്ന് എസ്.വൈ ഖുറേഷി പറഞ്ഞു.
ഫോം 6 പുതിയ വോട്ടര്‍മാരെ ചേര്‍ക്കാനുള്ളതാണ്. മുമ്പ് വോട്ടര്‍ പട്ടികയില്‍ പേര് ഉണ്ടായിരുന്നില്ലെന്ന് അപേക്ഷകര്‍ ഫോമിനൊപ്പം ഉറപ്പും നല്‍കണം. എന്നാല്‍ നിലവില്‍ ഈ ഫോം പൂരിപ്പിക്കാന്‍ നിര്‍ബന്ധിതരായവരെല്ലാം ഒരു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റമാണ് ചെയ്തിരിക്കുന്നത്. ഫോം പൂരിപ്പിക്കാന്‍ നിര്‍ബന്ധിച്ച കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചവരും കൂട്ടുനിന്നവരുമാണ്.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ച പത്രക്കുറിപ്പ് കമ്മീഷന്റെ കുറ്റകൃത്യ പ്രേരണയെയാണ് വ്യക്തമാക്കുന്നതെന്നും എസ്.വൈ ഖുറേഷി എക്സില്‍ കുറിച്ചു. നേരത്തെ പട്ടികയില്‍ പേരുണ്ടാവുകയും എസ്‌ഐആറിന് ശേഷം വോട്ട് പോയവരുമായ അപേക്ഷകര്‍ എങ്ങനെ ഈ ഫോം പൂരിപ്പിക്കുമെന്നാണ് ഖുറേഷിയുടെ ചോദ്യം.
എസ്ഐആറില്‍ നിന്ന് ലക്ഷക്കണക്കിന് പേരെ ഒഴിവാക്കിയതിന് പിന്നാലെ കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷന്‍ കടുത്ത തിരുത്തല്‍ നടപടികളിലേക്ക് കടന്നിരുന്നു. ഒഴിവാക്കപ്പെട്ടവരില്‍ നിന്ന് അര്‍ഹരായവരെ വീണ്ടും ഉള്‍പ്പെടുത്താന്‍ പ്രത്യേക യജ്ഞം സംഘടിപ്പിക്കുമെന്നാണ് കമ്മീഷന്‍ അറിയിച്ചത്. ഇതുസംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശവും നല്‍കി.
എസ്ഐആര്‍ നടപടികള്‍ പൂര്‍ത്തിയായ 20 സംസ്ഥാനങ്ങളിലാണ് തിരുത്തല്‍ ഡ്രൈവ് നടക്കുക. രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ ശക്തമായ എതിര്‍പ്പ് അവഗണിച്ച് ഫോം 6-ല്‍ വരുത്തിയ വിവാദ മാറ്റങ്ങള്‍ ഒഴിവാക്കിക്കൊണ്ടാണ് പുതിയ ഉത്തരവ്. കഴിഞ്ഞ 29-ാം തീയതി അയച്ച കത്തിലാണ് എസ്ഐആര്‍ പൂര്‍ത്തിയായിരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പേര് വിട്ടുപോയവരെ പട്ടികയില്‍ തിരിച്ചെത്തിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്.
നേരത്തെ പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെട്ടതിന് ശേഷം തിരിച്ചെടുക്കണമെങ്കില്‍ ഫോം 6 ആയിരുന്നു വേണ്ടിയിരുന്നത്. ഇതിനെതിരെ വലിയ രീതിയില്‍ പ്രതിഷേധമുയര്‍ന്നിരുന്നു. ഇത് കണക്കിലെടുത്തുകൊണ്ട് ലളിതമായ നടപടിക്രമങ്ങളിലൂടെ മുന്നോട്ടുപോകാമെന്നാണ് നിലവിലെ തീരുമാനം.
