പാക്കിസ്ഥാനു വേണ്ടി ചാരവൃത്തി: ബ്രഹ്മോസ് മുൻ എൻജിനീയർക്ക് ജീവപര്യന്തം

നാഗ്‌പുർ: ബ്രഹ്മോസ് എയ്റോസ്പേസ് എൻജിനീയറായിരുന്ന നിഷാന്ത് അഗർവാളിന് നാഗ്പുർ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. പാക്കിസ്ഥാൻ ചാര സംഘടനയായ ഐഎസ്ഐക്ക് വിവരങ്ങൾ ചോർത്തിക്കൊടുത്തെന്നാണ് കേസ്.

ബ്രഹ്മോസിൽ സീനിയർ സിസ്റ്റം എൻജിനീയറായിരുന്ന അഗർവാൾ 2018ലാണ് അറസ്റ്റിലാകുന്നത്. ഇന്ത്യയുടെ പ്രതിരോധ ഗവേഷണ വികസന സംഘടനയും (DRDO) റഷ്യയുടെ സൈനിക വാണിജ്യ കൺസോർഷ്യവും ചേർന്ന് ക്രൂസ് മിസൈൽ വികസിപ്പിച്ചെടുക്കുന്ന പദ്ധതിയാണ് ബ്രഹ്മോസ്. ഈ പദ്ധതിയുമായി ബന്ധപ്പെട്ട് ഉയരുന്ന ആദ്യത്തെ ചാരവൃത്തി കേസ് ആയിരുന്നു അഗർവാളിനെതിരേ രജിസ്റ്റർ ചെയ്യപ്പെട്ടത്.

നേഹ ശർമ, പൂജ രഞ്ജൻ എന്നീ ഫെയ്സ്‌ബുക്ക് അക്കൗണ്ടുകൾ മുഖേനയാണ് അഗർവാളിൽനിന്ന് ഐഎസ്ഐ വിവരങ്ങൾ ചോർത്തിക്കൊണ്ടിരുന്നത്. ഐഎസ്ഐ തന്നെയാണ് ഈ വ്യാജ അക്കൗണ്ടുകൾ ഉപയോഗിച്ചിരുന്നത്.

ഡിആർഡിഒയുടെ യങ് സയന്‍റിസ്റ്റ് അവാർഡ് വരെ നേടിയിട്ടുള്ള നിഷാന്ത് അഗർവാളിന്‍റെ അറസ്റ്റ് സഹപ്രവർത്തകരെപ്പോലും ഞെട്ടിച്ചിരുന്നു. അതീവ രഹസ്യാത്മകത ആവശ്യപ്പെടുന്ന ജോലി ചെയ്യുമ്പോഴും അശ്രദ്ധമായ ഇന്‍റർനെറ്റ് ഉപയോഗമാണ് അഗർവാളിന്‍റെ വഴി തെറ്റിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.

Share this story