മുൻ ഡൽഹി ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിൽ ആത്മഹത്യ ചെയ്തു; കുറിപ്പ് കണ്ടെടുത്തു

മേത്ത

നോയിഡ: മുൻ ഡൽഹി ചീഫ് സെക്രട്ടറിയും മുതിർന്ന മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനുമായ രാകേഷ് മേത്തയെ (74) നോയിഡയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. നോയിഡ സെക്ടർ 82-ലെ കേന്ദ്രീയ വിഹാർ സൊസൈറ്റിയിലെ വാടകവീട്ടിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവസ്ഥലത്തുനിന്ന് പൊലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു.  

​മാരകമായ രോഗബാധയും മാനസിക-ആരോഗ്യ പ്രശ്നങ്ങളുമാണ് താൻ ഈ അറ്റകൈ പ്രയോഗിക്കാൻ കാരണമെന്നും തന്റെ മരണത്തിൽ മറ്റാർക്കും പങ്കില്ലെന്നും കുറിപ്പിൽ വ്യക്തമാക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.  

​1975 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ രാകേഷ് മേത്ത മുൻ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ ഭരണകാലത്താണ് (2007 - 2010) ഡൽഹി ചീഫ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചത്. 2010-ലെ കോമൺവെൽത്ത് ഗെയിംസിന്റെ ഏകോപനം, ഡൽഹിയിലെ വൈദ്യുതി സ്വകാര്യവൽക്കരണം, ഗതാഗത-സിവിക് അടിസ്ഥാനസൗകര്യ വികസനം തുടങ്ങിയ പ്രധാന പരിഷ്കാരങ്ങൾക്ക് നേതൃത്വം നൽകിയത് അദ്ദേഹമായിരുന്നു. മുനിസിപ്പൽ കോർപ്പറേഷൻ ഓഫ് ഡൽഹി (MCD) കമ്മീഷണറായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.  

​അദ്ദേഹത്തിന്റെ ഭാര്യ ഡെറാഡൂണിൽ മകനോടൊപ്പം താമസിക്കുകയാണ്. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ട് കിട്ടാതായതിനെ തുടർന്ന് ഭാര്യ ഫ്ലാറ്റിലെ സെക്യൂരിറ്റിയെ വിവരം അറിയിക്കുകയായിരുന്നു. സെക്യൂരിറ്റി ജീവനക്കാരും പൊലീസും എത്തി ഫ്ലാറ്റിന്റെ വാതിൽ തുറന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി ഡൽഹി ലോധി റോഡ് ശ്മശാനത്തിൽ സംസ്കാരം നടത്തി. 

Tags

Share this story