യുപിയിൽ മുൻ എംപി ആതിഖ് അഹമ്മദിനെയും സഹോദരനെയും വെടിവെച്ചു കൊന്നു

athik

ഉത്തർപ്രദേശിൽ മുൻ എംപിയും കൊലക്കേസ് പ്രതിയുമായ ആതിഖ് അഹമ്മദ് കൊല്ലപ്പെട്ടു. മെഡിക്കൽ പരിശോധനക്ക് കൊണ്ടുപോകും വഴി പോലീസ് സ്‌റ്റേഷനിൽ വെച്ചാണ് ആതിഖിനെ വെടിവെച്ച് കൊന്നത്. മൂന്ന് പേർ വെടിവെക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. പ്രയാഗ് രാജിലെ ധൂമംഗഞ്ച് പോലീസ് സ്‌റ്റേഷനിൽ വെച്ചാണ് അക്രമി സംഘം ആതിഖ് അഹമ്മദിനെയും സഹോദരൻ അഷ്‌റഫിനെയും വെടിവെച്ച് കൊന്നത്

മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ അക്രമികൾ ആൾക്കൂട്ടത്തിന് ഇടയിൽ നിന്നും തലയ്ക്ക് വെടിവെക്കുകയായിരുന്നു. ആദ്യം വെടിയേറ്റത് ആതിഖിനാണ്. പിന്നാലെ സഹോദരൻ അഷ്‌റഫിനും വെടിയേറ്റു. രണ്ട് പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മൂന്ന് അക്രമികളെ പോലീസ് പിടികൂടിയിട്ടുണ്ട്.

മാധ്യമപ്രവർത്തകരെന്ന വ്യാജേനയാണ് അക്രമികൾ എത്തിയത്. ഒരു പോലീസ് ഉദ്യോഗസ്ഥനും ഒരു മാധ്യമപ്രവർത്തകനും പരുക്കേറ്റിട്ടുണ്ട്. കൊലപാതകത്തിന് ശേഷം അക്രമികൾ ജയ് ശ്രീറാം മുദ്രവാക്യം മുഴക്കുകയും ചെയ്തു. കൊലപാതകങ്ങൾക്ക് പിന്നാലെ യുപിയിൽ കനത്ത ജാഗ്രതാ നിർദേശം പ്രഖ്യാപിച്ചു. എല്ലാ ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രയാഗ് രാജിൽ ദ്രുതകർമസേനയെ വിന്യസിച്ചിട്ടുണ്ട്.
 

Share this story