ഗുജറാത്തിൽ വ്യാജമദ്യ ദുരന്തത്തിൽ നാല് മരണം; മദ്യശേഖരം പിടിച്ചെടുത്തു: 10 പേർ കസ്റ്റഡിയിൽ

മദ്യം

ഭാവ്നഗർ: ഗുജറാത്തിലെ ഭാവ്നഗറിൽ വ്യാജമദ്യം കഴിച്ച് നാല് പേർക്ക് ദാരുണാന്ത്യം. ഒരു മദ്യസൽക്കാരത്തിൽ പങ്കെടുത്തവരാണ് മരിച്ചത്. സംഭവത്തിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട നിരവധി പേരെ സമീപത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അതേസമയം സംഭവവുമായി ബന്ധപ്പെട്ട് 10 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. പരിശോധനയിൽ 15 പെട്ടികളിലായി സൂക്ഷിച്ചിരുന്ന മദ്യക്കുപ്പികളും പോലീസ് സംഘം പിടിച്ചെടുത്തു. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.

ചൊവ്വാഴ്ച രാത്രി ഘോഘ താലൂക്കിലെ ഖരാദി ഗ്രാമത്തിൽ നടന്ന മദ്യസൽക്കാരമാണ് ദുരന്തത്തിൽ കലാശിച്ചത്. ഏഴ് സുഹൃത്തുക്കൾ ചേർന്ന് സംഘടിപ്പിച്ച സൽക്കാരത്തിൽ പങ്കെടുത്തവർക്ക് മദ്യപിച്ചതിന് പിന്നാലെ കടുത്ത അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു.

നിലവിൽ 20 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണെന്ന് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് വ്യക്തമാക്കിക്കി. 12 പേർ ഭാവ്നഗർ സിറ്റി ആശുപത്രിയിലും, അഞ്ചുപേർ ആരോഗ്യാം ആശുപത്രിയിലും, രണ്ടുപേർ വേദ് ഐ.സി.യുവിലും, ഒരാൾ ബി.ഐ.എം.എസ് ആശുപത്രിയിലുമാണുള്ളത്. ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെ ആരോഗ്യാവസ്ഥ വിലയിരുത്താൻ പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

Tags

Share this story