നാലാമത്തെ റഷ്യൻ വ്യോമ പ്രതിരോധ സംവിധാനം ഇന്ത്യയിലേക്ക്
ന്യൂഡല്‍ഹി: നാലാമത്തെ റഷ്യന്‍ എസ്-400 വ്യോമ പ്രതിരോധ സംവിധാനം ഇന്ത്യയിലേക്ക് മേയ് പകുതിയോടെ എത്തും. ഇന്ത്യന്‍ വ്യോമസേന (ഐഎഎഫ്) ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്കു ശേഷം കഴിഞ്ഞ ആഴ്ച റഷ്യയില്‍ നിന്ന് ഇന്ത്യയിലേക്ക് കപ്പല്‍ മാര്‍ഗം എസ് 400 അയച്ചു. മേയ് പകുതിയോടെ ഇന്ത്യന്‍ തുറമുഖത്ത് ഇത് സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ മിസൈല്‍ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിന് രാജസ്ഥാന്‍ സെക്റ്ററിലായിരിക്കും ഇതു വിന്യസിക്കുക. നിലവിലുള്ള കരാര്‍പ്രകാരം അഞ്ചാമത്തെയും അവസാനത്തെയും എസ് 400 ഈ വര്‍ഷം നവംബറില്‍ ഇന്ത്യയിലെത്തുമെന്നാണ് കരുതുന്നത്.
2018 ഒക്‌റ്റോബറിലാണ് അഞ്ച് യൂണിറ്റ് എസ് 400 മിസൈല്‍ സംവിധാനങ്ങള്‍ വാങ്ങുന്നതിനായി ഇന്ത്യ റഷ്യയുമായി 500 കോടി ഡോളറിന്‍റെ കരാറില്‍ ഒപ്പുവച്ചത്. അവയില്‍ മൂന്നെണ്ണം ഇതിനകം വിതരണം ചെയ്തു.
കഴിഞ്ഞ വര്‍ഷം പാക്കിസ്ഥാനെതിരേ ഇന്ത്യ നടത്തിയ 'ഓപ്പറേഷന്‍ സിന്ദൂർ' യുടെ സൈനിക ദൗത്യത്തിൽ എസ് 400 വളരെ മികച്ച പ്രവര്‍ത്തന ശേഷി പ്രകടമാക്കിയിരുന്നു. യുദ്ധവിമാനങ്ങള്‍ ഉള്‍പ്പെടെ ഒന്നിലധികം വ്യോമ ഭീഷണികളെ നിര്‍വീര്യമാക്കുന്ന 11 ദീര്‍ഘദൂര എസ്-400 മിസൈലുകള്‍ ഇന്ത്യ വിക്ഷേപിച്ചതായിട്ടാണ് റിപ്പോര്‍ട്ട്.
400 കിലോമീറ്റര്‍ പരിധിയിലുള്ള വ്യോമാക്രമണ ഭീഷണികളെ ലക്ഷ്യം വയ്ക്കാന്‍ എസ് 400 വ്യോമപ്രതിരോധ സംവിധാനങ്ങള്‍ക്ക് കഴിയും. ആയുധങ്ങളുടെ കരുതല്‍ ശേഖരം നിലനിര്‍ത്തുന്നതിനായി എസ്-400 വ്യോമ പ്രതിരോധ സംവിധാനത്തിനായി ഹ്രസ്വ, ദീര്‍ഘദൂര വിഭാഗങ്ങളിലായി ഏകദേശം 280 മിസൈലുകള്‍ വാങ്ങാന്‍ ഇന്ത്യ പദ്ധതിയിടുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
റഷ്യയുടെ ഏറ്റവും നൂതനമായ ദീർഘദൂര ഉപരിതല-വായു മിസൈൽ പ്രതിരോധ സംവിധാനമായാണ് എസ്-400 നെ കണക്കാക്കുന്നത്. ഒരേസമയം ഒന്നിലധികം വ്യോമ ഭീഷണികളെ നിരീക്ഷിക്കാനും നിർവീര്യമാക്കാനും ഇതിന് കഴിയും.
