ഇന്ധന വിലക്കയറ്റം: അന്താരാഷ്ട്ര സർവീസുകൾക്ക് പിന്നാലെ ആഭ്യന്തര സർവീസുകളിലും നിയന്ത്രണം പ്രഖ്യാപിച്ച് എയർ ഇന്ത്യ

Air india Metro

ന്യൂഡൽഹി: ആഗോള വിപണിയിൽ വിമാന ഇന്ധന (ATF) വില കുതിച്ചുയരുന്നതിനെ തുടർന്ന് അന്താരാഷ്ട്ര സർവീസുകൾക്ക് പിന്നാലെ ആഭ്യന്തര സർവീസുകൾക്കും നിയന്ത്രണം ഏർപ്പെടുത്താൻ എയർ ഇന്ത്യ തീരുമാനിച്ചു. വരും മാസങ്ങളായ ജൂൺ, ജൂലൈ, ഓഗസ്റ്റ് കാലയളവിലാണ് സർവീസുകളിൽ വലിയ തോതിൽ വെട്ടിക്കുറയ്ക്കൽ ഉണ്ടാവുക.

​പശ്ചിമേഷ്യൻ രാജ്യങ്ങളിലെ യുദ്ധസമാനമായ സാഹചര്യങ്ങളും ഭൗമരാഷ്ട്രീയ പ്രതിസന്ധികളുമാണ് വിമാന ഇന്ധനവില കുത്തനെ ഉയരാൻ കാരണമായത്. ഇന്ധനച്ചെലവ് താങ്ങാനാകാത്ത വിധം വർദ്ധിച്ചതോടെ പല ആഭ്യന്തര റൂട്ടുകളും സാമ്പത്തികമായി ലാഭകരമല്ലാത്ത അവസ്ഥയിലാണ്. ഒരു കിലോലിറ്ററിന് 80,000 രൂപയായിരുന്ന ഇന്ധനവില വിവിധ നഗരങ്ങളിലെ നികുതി വ്യത്യാസമനുസരിച്ച് ഇപ്പോൾ ഒരു ലക്ഷം രൂപയ്ക്ക് മുകളിലെത്തിയിട്ടുണ്ട്. ഈ പ്രതിസന്ധി നേരിടാനാണ് സർവീസുകളുടെ എണ്ണം താൽക്കാലികമായി കുറയ്ക്കാൻ കമ്പനി നിർബന്ധിതരായത്.

​നിലവിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് എയർ ഇന്ത്യ അധികൃതർ വ്യക്തമാക്കി. സർവീസുകൾ റദ്ദാക്കുന്നതു മൂലം യാത്രക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരമാവധി കുറയ്ക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും വിമാനക്കമ്പനി അറിയിച്ചിട്ടുണ്ട്. നേരത്തെ ടിക്കറ്റ് നിരക്കുകൾ വർദ്ധിപ്പിക്കുകയും അന്താരാഷ്ട്ര റൂട്ടുകളിലെ സർവീസുകൾ വെട്ടിച്ചുറയ്ക്കുകയും ചെയ്തതിന് പിന്നാലെയാണ് ഇപ്പോൾ ആഭ്യന്തര യാത്രക്കാരെയും ബാധിക്കുന്ന തരത്തിലുള്ള ഈ പുതിയ തീരുമാനം. എയർ ഇന്ത്യക്ക് പുറമെ രാജ്യത്തെ മറ്റ് പ്രമുഖ വിമാനക്കമ്പനികളും സമാനമായ നിയന്ത്രണങ്ങളിലേക്ക് കടക്കുകയാണ്.

Tags

Share this story