മുംബൈയിൽ ഗണേശ വിഗ്രഹം തകർന്നു വീണു; 2 മരണം, കുട്ടികളടക്കം 5 പേർക്ക് പരിക്ക്
മുംബൈ: ദക്ഷിണ മുംബൈയിൽ ഗണേശോത്സവ ആഘോഷങ്ങളുടെ ഭാഗമായി നടന്ന വിഗ്രഹ വരവേൽപ്പ് ഘോഷയാത്രയ്ക്കിടെ 22 അടി ഉയരമുള്ള ഗണേശ വിഗ്രഹം ജനക്കൂട്ടത്തിനിടയിലേക്ക് മറിഞ്ഞുവീണ് രണ്ട് പേർ മരിച്ചു. കുട്ടികളടക്കം അഞ്ച് പേർക്ക് പരിക്കേറ്റു.
ശനിയാഴ്ച രാത്രി 10 മണിയോടെ ഭുലേശ്വറിലെ ജയ് അംബെ ചൗക്കിന് സമീപമാണ് ദാരുണമായ സംഭവം. 'ഭുലേശ്വരച രാജ' എന്ന വിഗ്രഹം പന്തലിലേക്ക് ട്രോളിയിൽ കൊണ്ടുപോകുന്നതിനിടെയാണ് അപകടമുണ്ടായത്. ഇരിമ്പ് ചട്ടക്കൂടിലുണ്ടായ കേടുപാടുകളും അയഞ്ഞ ബോൾട്ടുകളുമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
സംഭവസ്ഥലത്തുണ്ടായിരുന്നവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചെങ്കിലും രണ്ട് പേരുടെ ജീവൻ രക്ഷിക്കാനായില്ല. മുംബൈ സ്വദേശികളായ സങ്കേത് നെവ്ഷെ (33), ബ്രിജേഷ് ഹേമന്ത് ജോഷി (30) എന്നിവരാണ് മരിച്ചത്.
പരിക്കേറ്റ അഞ്ച് വയസ്സുകാരി ലാവണ്യ, ഏഴ് വയസ്സുകാരി ദിവ്യ എന്നിവരടക്കം അഞ്ച് പേരുടെ നില നിലവിൽ തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. അഗ്നിശമന സേനയും മുംബൈ പോലീസും ഉടൻ തന്നെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.
