തമിഴ്‌നാട്ടിൽ ജോലി വാഗ്ദാനം ചെയ്ത് കൂട്ടബലാത്സംഗം; രണ്ട് തമിഴക വെട്രി കഴകം ഭാരവാഹികൾ പിടിയിൽ
ചെന്നൈ: തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ യുവതിയെ ജോലി വാഗ്ദാനം ചെയ്ത് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസിൽ രണ്ട് തമിഴക വെട്രി കഴകം (TVK) ഭാരവാഹികൾ അറസ്റ്റിൽ. തൂത്തുക്കുടിയിലെ ശ്രീവൈകുണ്ഠം സ്വദേശികളായ പാർട്ടി ഭാരവാഹികളാണ് പോലീസിന്റെ പിടിയിലായത്. യൂത്ത് വിങ് ശ്രീവൈകുണ്ഡം ഓർഗനൈസർ ബാലമുരുകൻ, ടിവികെ ഭാരവാഹി ജയപാൽ എന്നിവരാണ് അറസ്റ്റിലായത്. ജോലി വാഗ്ദാനം ചെയ്ത് ഹോട്ടലിലെത്തിച്ച് മയക്കുമരുന്ന് നൽകി പീഡിപ്പിച്ചുവെന്നാണ് പരാതി.
തൊഴിൽ നൽകാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ വിളിച്ചുവരുത്തുകയും, തുടർന്ന് പ്രതികൾ ചേർന്ന് ക്രൂരമായി പീഡിപ്പിക്കുകയുമായിരുന്നു എന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിട്ടുണ്ട്. തമിഴ്‌നാട്ടിൽ ക്രമസമാധാന നില പൂർണ്ണമായും തകർന്നുവെന്നും, തൊഴിൽ തേടുന്ന യുവതികൾ ചൂഷണങ്ങൾക്ക് ഇരയാകുന്ന സാഹചര്യം വർദ്ധിച്ചുവരികയാണെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് നൈനാർ നാഗേന്ദ്രൻ ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കൾ ആരോപിച്ചു.
അതിജീവിതയ്ക്ക് നീതി ഉറപ്പാക്കണമെന്നും കേസിൽ സുതാര്യമായ അന്വേഷണവും വേഗത്തിലുള്ള വിചാരണയും വേണമെന്നും പ്രതിപക്ഷ സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതികൾക്കെതിരെ കർശന നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് പോലീസ് തീരുമാനം.
