മഴയത്ത് അഭയം തേടിയെത്തിയ പെൺകുട്ടിയെ 5 പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു
കനത്ത മഴയിൽ നിന്ന് അഭയം തേടി ഒരു കെട്ടിട നിർമ്മാണ സ്ഥലത്തേക്ക് ഓടിക്കയറിയ 13 വയസുകാരിക്ക് നേരിടേണ്ടി വന്നത് കൊടും ക്രൂരത. ലഖ്‌നൗവിലാണ് സംഭവം. കനത്ത മഴയെ തുടർന്ന് നിർമ്മാണ സ്ഥലത്ത് അഭയം തേടിയ പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി. ഒരു കെയർ ഹോമിൽ ജോലിക്ക് പോകുന്നതിനിടെയാണ് പെൺകുട്ടി ഈ ക്രൂര പീഡനത്തിന് ഇരയായത്.
ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മറ്റു തൊഴിലാളികൾ കാവൽ നിന്നപ്പോൾ ഒരു തൊഴിലാളി ആദ്യം പെൺകുട്ടിയെ കെട്ടിടത്തിനുള്ളിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി. കുട്ടി എതിർത്തപ്പോൾ, പ്രതി അവളുടെ കൈകാലുകൾ കെട്ടിയിടുകയും മർദ്ദിക്കുകയും വായിൽ തുണി തിരുകുകയും ചെയ്തു.
കണ്ടെത്തിയത് നാട്ടുകാർ നടത്തിയ തിരിച്ചിലിൽ
പെൺകുട്ടി കൃത്യസമയത്ത് ജോലിക്ക് എത്താത്തതിനെ തുടർന്ന് ജോലി നൽകിയ സ്ത്രീ പ്രദേശത്ത് തിരച്ചിൽ നടത്തുകയായിരുന്നു. വിവരമറിഞ്ഞ നാട്ടുകാരും ഇവർക്കൊപ്പം കൂടി. സംശയം തോന്നിയ നാട്ടുകാർ കെട്ടിട നിർമ്മാണ സ്ഥലത്ത് നടത്തിയ തിരച്ചിലിൽ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത്.
പ്രതികൾ പോലീസ് കസ്റ്റഡിയിൽ
തുടർന്ന് നടത്തിയ തിരിച്ചിലിൽ കെട്ടിടത്തിന് മുകളിലെ വാട്ടർ ടാങ്കിന് സമീപം ഒളിച്ചിരിക്കുകയായിരുന്ന പ്രതികളെ നാട്ടുകാർ ചേർന്ന് പിടികൂടി. പോലീസ് സ്ഥലത്തെത്തി പെൺകുട്ടിയെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയി. സംഭവ സ്ഥലത്ത് നിന്ന് അഞ്ചു തൊഴിലാളികളെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതികൾ ഉത്തർപ്രദേശിലെ സീതാപൂർ ജില്ലയിൽ നിന്നുള്ളവരാണെന്ന് പോലീസ് പറഞ്ഞു.
