ബദരീനാഥിന് മുകളിൽ ഹിമാനി ഭീഷണി: മഞ്ഞുമല ഇടിഞ്ഞാൽ 400-ഓളം കെട്ടിടങ്ങൾ തകരുമെന്ന് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്
ഉത്തരാഖണ്ഡിലെ പ്രമുഖ തീർഥാടന കേന്ദ്രമായ ബദരീനാഥിന് മുകളിൽ സ്ഥിതി ചെയ്യുന്ന ഹിമാനികളിൽ നിന്ന് മഞ്ഞുമലകൾ ഇടിഞ്ഞുവീഴാൻ സാധ്യതയുണ്ടെന്ന് പഠന റിപ്പോർട്ട്. ഇത്തരത്തിൽ ഹിമപാതമുണ്ടായാൽ പ്രദേശത്തെ ഏകദേശം 400 കെട്ടിടങ്ങളും റോഡുകൾ ഉൾപ്പെടെയുള്ള പ്രധാന അടിസ്ഥാന സൗകര്യങ്ങളും തകർന്നേക്കുമെന്നാണ് മുന്നറിയിപ്പ്.
'വൾനറബിലിറ്റി അസസ്മെന്റ് ഓഫ് ഹാങ്ങിങ് ഗ്ലേഷ്യർ അവലാഞ്ചസ് ഇൻ ബദരീനാഥ് ടൗൺഷിപ്പ്, സെൻട്രൽ ഹിമാലയാസ്, ഇന്ത്യ' എന്ന പേരിലുള്ള പഠനത്തിലാണ് ഈ കണ്ടെത്തലുകൾ. ബദരീനാഥിന് ചുറ്റുമുള്ള മൂന്ന് തൂങ്ങിക്കിടക്കുന്ന ഹിമാനികളെയാണ് ഗവേഷകർ പഠനവിധേയമാക്കിയത്. ഉപഗ്രഹ വിവരങ്ങളും റിമോട്ട് സെൻസിങ് സാങ്കേതികവിദ്യയും ഉപയോഗിച്ച് ഹിമാനികളിൽ നിന്ന് മഞ്ഞുപാളികൾ അടർന്നുവീഴാനുള്ള സാധ്യതയും അവ താഴേക്ക് പതിച്ചാൽ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങളും വിലയിരുത്തി.
പഠനവിധേയമാക്കിയ മൂന്ന് മേഖലകളിൽ രണ്ടാമത്തെ മേഖലയാണ് ബദരീനാഥിന് ഏറ്റവും വലിയ ഭീഷണിയുയർത്തുന്നതെന്നാണ് കണ്ടെത്തൽ. ഇവിടെ ഉയർന്ന ചലനസാധ്യതയുള്ള സാഹചര്യത്തിൽ മഞ്ഞുമല ഇടിഞ്ഞുവീണാൽ ഏകദേശം 398 കെട്ടിടങ്ങളെ ബാധിച്ചേക്കാം. ഇതിനുപുറമെ 3.87 ഹെക്റ്റർ കൃഷിഭൂമി, 15.57 ഹെക്റ്റർ വനമേഖല എന്നിവയും അപകടസാധ്യതയുള്ള പ്രദേശങ്ങളുടെ പരിധിയിൽ വരും. ഹെലിപാഡ്, വാഹന പാർക്കിങ് കേന്ദ്രങ്ങൾ തുടങ്ങിയ പ്രധാന സൗകര്യങ്ങളും ഈ മേഖലയിൽ ഉൾപ്പെടുന്നു.
ഹിമാനിയിൽ നിന്ന് അടർന്നുവീഴുന്ന മഞ്ഞിന്റെ അളവ് മാത്രമല്ല ഹിമപാതത്തിന്റെ സഞ്ചാരദൂരം നിർണയിക്കുന്നതെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. പർവതപ്രദേശങ്ങളിലെ ചാലുകളുടെ ആകൃതിയും താഴ്ഭാഗത്തെ ഭൂപ്രകൃതിയും മഞ്ഞിന്റെ ഒഴുക്കിനെ ഗണ്യമായി സ്വാധീനിക്കും. അതിനാൽ താരതമ്യേന കുറഞ്ഞ അളവിലുള്ള മഞ്ഞ് അടർന്നുവീണാലും അനുകൂലമായ ഭൂപ്രകൃതിയിൽ കൂടുതൽ ദൂരം സഞ്ചരിച്ച് നാശനഷ്ടങ്ങളുണ്ടാക്കാൻ സാധ്യതയുണ്ട്.
മുൻകൂർ മുന്നറിയിപ്പ് സംവിധാനം വേണം
ബദരീനാഥ് പോലുള്ള പ്രധാന തീർഥാടന കേന്ദ്രങ്ങളിൽ ഹിമപാത സാധ്യതകൾ കൃത്യമായി വിലയിരുത്തുന്നതിനുള്ള പ്രത്യേക പഠനങ്ങൾ നടത്തണമെന്ന് ഗവേഷകർ നിർദേശിക്കുന്നു. മുൻകൂർ മുന്നറിയിപ്പ് സംവിധാനങ്ങൾ ശക്തിപ്പെടുത്തുക, അപകടസാധ്യതയുള്ള മേഖലകളിലെ നിർമാണ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന തരത്തിൽ ഭൂവിനിയോഗ ആസൂത്രണം നടപ്പാക്കുക, പ്രദേശവാസികൾക്കിടയിൽ ദുരന്തസാധ്യതയെക്കുറിച്ച് അവബോധം സൃഷ്ടിക്കുക തുടങ്ങിയ നിർദേശങ്ങളും പഠനത്തിലുണ്ട്.
രാജ്യത്തെ പ്രധാന തീർഥാടന കേന്ദ്രങ്ങളിലൊന്നായ ബദരീനാഥിൽ ഓരോ വർഷവും ലക്ഷക്കണക്കിന് തീർഥാടകരാണ് എത്തുന്നത്. അതിനാൽ ഹിമപാത സാധ്യതകൾ മുൻകൂട്ടി തിരിച്ചറിഞ്ഞ് ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിക്കേണ്ടത് അത്യാവശ്യമാണെന്നും പഠനം മുന്നറിയിപ്പ് നൽകുന്നു.
