ഗോവ-മംഗളൂരൂ വന്ദേഭാരത് കോഴിക്കോടേക്ക് നീട്ടാൻ നടപടി തുടങ്ങിയതായി റെയിൽവേ മന്ത്രി

ഗോവ-മംഗളൂരു വന്ദേഭാരത് എക്‌സ്പ്രസ് കോഴിക്കോടേക്ക് നീട്ടാൻ നടപടി ആരംഭിച്ചതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. എം കെ രാഘവൻ എംപിയോടാണ് റെയിൽവേ മന്ത്രി ഇക്കാര്യം അറിയിച്ചത്. ബംഗളൂരു-കണ്ണൂർ എക്‌സ്പ്രസ് കോഴിക്കോടേക്ക് നീട്ടിയത് ഉടൻ പ്രാബല്യത്തിലാക്കുമെന്നും സർവീസ് ഉടൻ ആരംഭിക്കുമെന്നും റെയിൽവേ മന്ത്രി അറിയിച്ചു

മംഗളൂരു-മധുര-രാമേശ്വരം എക്‌സ്പ്രസ് ഉടൻ ആരംഭിക്കുമെന്നും റെയിൽവേ മന്ത്രി അറിയിച്ചിട്ടുണ്ട്. അതേസമയം ബംഗളൂരു-മംഗലാപുരം-കണ്ണൂർ എക്‌സ്പ്രസ് കോഴിക്കോടേക്ക് നീട്ടിയ റെയിൽവേ ബോർഡ് തീരുമാനത്തെ എതിർത്ത് ബിജെപി എംപി നളിൻകുമാർ കട്ടീൽ റെയിൽവേ മന്ത്രിയെ കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് എംകെ രാഘവൻ എംപി റെയിൽവേ മന്ത്രിയെ കണ്ടത്

കോഴിക്കോടിനെ കോയമ്പത്തൂർ, എറണാകുളം സ്റ്റേഷനുകളുമായി ബന്ധിപ്പിച്ച് പുതിയ മെമു സർവീസുകൾ ആരംഭിക്കുക, ട്രാക്ക് അറ്റകുറ്റപ്പണികളുടെ പേരിൽ നിർത്തലാക്കിയ സർവീസുകൾ ഉടൻ പുനഃസ്ഥാപിക്കുക, മംഗലാപുരത്ത് നിന്ന് പാലക്കാട് വഴി പുതിയ ബംഗളൂരു സർവീസ് ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളും എംകെ രാഘവൻ എംപി ഉന്നയിച്ചിട്ടുണ്ട്.
 

Share this story