ഗോവ നിശാക്ലബ് തീപിടിത്തം: ഒളിവിൽപ്പോയ ലൂഥ്ര സഹോദരങ്ങളെ തായ്‌ലൻഡിൽനിന്ന് ഇന്ത്യയിലേക്ക് നാടുകടത്തി
ഗോവയിലെ നിശാക്ലബ്ബിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് ഒളിവിൽപ്പോയ ക്ലബ് ഉടമകളായ ലൂഥ്ര സഹോദരങ്ങളെ തായ് അധികൃതർ ഇന്ത്യയിലേക്ക് നാടുകടത്തി. ഗൗരവ് ലൂഥ്ര, സൗരഭ് ലൂഥ്ര എന്നിവരെയാണ് തായ്‌ലൻഡിൽ നിന്ന് ഇന്ത്യയിലേക്ക് എത്തിക്കുന്നത്.
അപകടം നടന്നതിന് തൊട്ടുപിന്നാലെ രാജ്യം വിട്ട ഇവർ തായ്‌ലൻഡിൽ ഒളിവിൽ കഴിയുകയായിരുന്നു. ഇവരുടെ പാസ്‌പോർട്ടുകൾ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം സസ്പെൻഡ് ചെയ്തതിനെ തുടർന്ന് തായ് അധികൃതർ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഗോവയിലെ 'ബിർച്ച് ബൈ റോമിയോ ലെയ്ൻ' (Birch by Romeo Lane) എന്ന നിശാക്ലബ്ബിൽ ഉണ്ടായ തീപിടിത്തത്തിൽ 25-ലധികം പേർ മരണപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ക്ലബ്ബിലെ സുരക്ഷാ മാനദണ്ഡങ്ങളിലെ ഗുരുതരമായ വീഴ്ചയാണ് അപകടത്തിന് കാരണമായതെന്നാണ് പോലീസ് കണ്ടെത്തൽ. മനഃപൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ഇരുവർക്കുമെതിരെ കേസെടുത്തിരിക്കുന്നത്.
ഇന്ത്യൻ അന്വേഷണ ഏജൻസികൾ തായ് അധികൃതരുമായി സഹകരിച്ചാണ് നാടുകടത്തൽ നടപടികൾ പൂർത്തിയാക്കിയത്. ഇവരെ ഗോവയിലെത്തിച്ച് ഉടൻ പോലീസ് ചോദ്യം ചെയ്യും.
