ജയ്പൂരിൽ സിജെപി പ്രവർത്തകർ ആക്രമിക്കപ്പെട്ട സർക്കാർ സ്കൂൾ കെട്ടിടം പൊളിച്ചുനീക്കി; 18 ലക്ഷം രൂപ ചെലവിൽ പുതിയ കെട്ടിടം നിർമിക്കും
ജയ്പൂർ: 'സ്കൂൾ ഠീക് കരോ' പ്രചാരണത്തിന്റെ ഭാഗമായി കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രവർത്തകർ സന്ദർശനം നടത്തവേ ആക്രമണം നേരിട്ട ജയ്പൂരിലെ റാംപുരയിലെ ജീർണിച്ച സർക്കാർ പ്രൈമറി സ്കൂൾ കെട്ടിടം അധികൃതർ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കി. പകരം 18 ലക്ഷം രൂപ ചെലവിൽ പുതിയ കെട്ടിടം നിർമിക്കാൻ രാജസ്ഥാൻ സർക്കാർ നടപടി ആരംഭിച്ചു.
ഓഗസ്റ്റ് 21-നാണ് സ്കൂളിന്റെ അവസ്ഥ നേരിട്ട് വിലയിരുത്താനെത്തിയ സിജെപി പ്രവർത്തകർക്ക് നേരെ ആക്രമണമുണ്ടായത്. സംഭവത്തിൽ പാർട്ടി സഹ-കൺവീനർ അശുതോഷ് റാങ്ക അടക്കമുള്ള പ്രവർത്തകർക്ക് പരിക്കേൽക്കുകയും വാഹനങ്ങൾ തകർക്കപ്പെടുകയും ചെയ്തിരുന്നു. സ്കൂളിന്റെ അവസ്ഥയെക്കുറിച്ചുള്ള പാർട്ടി സമർപ്പിച്ച റിപ്പോർട്ടും തുടർന്നുണ്ടായ വിവാദങ്ങളുമാണ് പുതിയ കെട്ടിടം നിർമിക്കുന്നതിലേക്ക് സർക്കാരിനെ നയിച്ചത്.
2025 സെപ്റ്റംബറിൽ തന്നെ അപകടാവസ്ഥയിലാണെന്ന് കണ്ടെത്തി പ്രവർത്തനം നിർത്തിവെച്ച കെട്ടിടമായിരുന്നു ഇത്. തുടർന്ന് സമീപത്തെ താത്കാലിക ഷെഡുകളിലാണ് വിദ്യാർഥികളുടെ അധ്യയനം നടന്നിരുന്നത്.
സ്കൂൾ കെട്ടിടം പൊളിച്ചുമാറ്റി പുതിയത് നിർമിക്കാനുള്ള നീക്കം തങ്ങളുടെ പ്രചാരണത്തിന്റെ വിജയമാണെന്ന് സിജെപി പ്രതികരിച്ചു. പുതിയ കെട്ടിടത്തിനായി ഡിസ്ട്രിക്റ്റ് മിനറൽ ഫൗണ്ടേഷൻ ട്രസ്റ്റിൽ നിന്ന് 12 ലക്ഷം രൂപയും എംഎൽഎ ഫണ്ടിൽ നിന്ന് 6 ലക്ഷം രൂപയുമാണ് അനുവദിച്ചിട്ടുള്ളത്. നിർമാണപ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
