ബിഹാറിൽ ബിരുദ വിദ്യാർഥിനി പരീക്ഷ എഴുതുന്നതിനിടെ ഹാളിൽ വെച്ച് പ്രസവിച്ചു

ravitha

ബിഹാർ സമസ്തിപൂരിലെ പരീക്ഷാ സെന്ററിൽ ബിരുദ വിദ്യാർഥിനി പ്രസവിച്ചു. താതിയ ഗ്രാമത്തിലെ ശശി കൃഷ്ണ കോളേജിലെ ബി.എ ഇക്കണോമിക്സ് വിദ്യാർഥിനി രവിത കുമാരിയാണ് പരീക്ഷയ്ക്കിടയിൽ പ്രസവിച്ചത്. എട്ട് മാസം ഗർഭിണിയായ ഇവരെ ആശുപത്രിയിലെത്തിക്കുന്നതിന് മുൻപേ പ്രസവിക്കുകയായിരുന്നു. 


കടുത്ത വേദനയെ തുടർന്ന് സ്‌കൂൾ അധികൃതരെ വിവരമറിയിച്ചെങ്കിലും ആശുപത്രിയിലെത്തിക്കാൻ വൈകിപ്പിച്ചുവെന്ന പരാതിയും ഉയരുന്നുണ്ട്. വനിതാ ജീവനക്കാരെത്തി മറ്റൊരു ക്ലാസിലേക്ക് മാറ്റിയ ശേഷമാണ് സംഭവം. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.

ശനിയാഴ്ച ഡിഗ്രി ഇക്കണോമിക്സ് പരീക്ഷ എഴുതാനെത്തിയതായിരുന്നു യുവതി. യുവതിയുടെ ശാരീരിക അസ്വസ്ഥതകൾ മനസിലാക്കിയ പരീക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപിക അവരെ ഒരു ഒഴിഞ്ഞ മുറിയിലേക്ക് മാറ്റിയിരുത്തി. അവിടെ വച്ച് യുവതിയ്ക്ക് വല്ലാതെ വേദന വന്നു. ഉടൻ ആംബുലൻസ് വിളിച്ചെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടുപോകും മുമ്പേ യുവതി പ്രസവിച്ചു.

Tags

Share this story